thadayana
താത്കാലിക തടയണ

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ വെള്ളം കൂടിയതിനാൽ പാലത്തിങ്ങൽ കീരനല്ലൂർ അണക്കെട്ട് വഴി വെഞ്ചാലി വയലിലെ തോടുകളിൽ വെള്ളം കയറുമെന്നതിനാൽ താത്കാലിക തടയണ നിർമ്മിച്ച് വെള്ളം കെട്ടി നിറുത്തുകയാണ് ഇവിടത്തെ കർഷകർ.
നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറിയിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നു നടപടിയില്ലാതിരുന്നതിനാലാണ് കർഷകർ തന്നെ തടയണ കെട്ടലുമായി നേരിട്ടിറങ്ങിയത്. ജലസേചന വകുപ്പ് കർഷകർക്ക് നൽകുന്ന പലകകൾക്കൊപ്പം കർഷകരുടെ സ്വന്തം ചെലവിൽ ക്വാറി വേസ്റ്റ് ചാക്കിൽ നിറച്ചാണ് വെള്ളം കെട്ടി നിറുത്തുന്നത്. വയലിലെ വെള്ളം അടിച്ച് ഒഴിവാക്കുന്നതിന് ചെറുകിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയും രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെയും രണ്ട് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ജനുവരി ആദ്യവാരം മുതൽ ഇത് നടക്കുന്നു.

നടപടി വേണം

ജില്ലയിൽ തന്നെ ഏറ്റവും കുടുതൽ ക്യഷി ഇറക്കുന്ന സ്ഥലമാണ് ചെമ്മാട്, ചെറുമുക്ക്, തിരൂരങ്ങാടി, കൊടിഞ്ഞി പ്രദേശങ്ങൾ.

തോടുകളിൽ വി.സി.ബി ഇല്ലാത്തതാണ് താത്കാലിക തടയണ അനിവാര്യമാക്കുന്നത്.

വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും അവർ സ്ഥലം സന്ദർശിക്കുകയും ചെയ്തെങ്കിലും പരിഹാരമൊന്നുമായില്ല.

വെള്ളം തടയാൻ സ്ഥിരം സംവിധാനമില്ലാത്തതിനാൽ വെള്ളം കയറി കൃഷി നശിക്കുന്നത് പതിവാണ്.