archana
അർച്ചന

വളാഞ്ചേരി : താൻ ഓമനിച്ചു വളർത്തിയ തലമുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുറിച്ച് നൽകി ഏഴാം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ മാതൃക. ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിനാണ് അർച്ചന കേശദാനം നടത്തിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേശദാനത്തെ കുറിച്ച് അറിയുന്നത്. അന്നുമുതലുള്ള ആഗ്രഹമാണിപ്പോൾ സഫലമായിരിക്കുകയാണ്. വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ കാൻസറിനെ നേരിടാൻ രോഗികളെ സഹായിക്കുകയാണ് ലക്ഷ്യം. തൃശൂർ അമല ആശുപത്രിയിലെ ഹെയർബാങ്കിന് നൽകാനായി അനീഷ് വലിയകുന്ന് അർച്ചനയുടെ കൈയിൽ നിന്ന് മുടി ഏറ്റുവാങ്ങി. കഞ്ഞിപ്പുര സ്വദേശി ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകളാണ് അർച്ചന. കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം കലാമേഖലയിലും മിടുക്കി. നൃത്തരംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തം.
പ്ലസ് ടു വിദ്യാർത്ഥിനിയായ അപർണ്ണ സഹോദരിയാണ്.