hhhh

മലപ്പുറം: അട്ടിമറി വിദൂര സാദ്ധ്യത പോലുമല്ലാത്ത മണ്ഡലം. അക്ഷരാർത്ഥത്തിൽ പച്ചക്കോട്ടയാണ് മലപ്പുറം നിയമഭാ മണ്ഡലം. 1957ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ലീഗിനെ മാത്രം പിന്തുണച്ച പാരമ്പര്യം. പലവട്ടം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും കുറിച്ചിട്ടുണ്ട്. ഇത്തവണ പച്ചക്കോട്ടയിൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും. 1982ലും 87ലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടില്ല. 2016ൽ സി.പി.എമ്മിലെ കെ.പി സുമതിയായിരുന്നു മത്സരിച്ചത്. മറുനാട്ടുകാരനായ കെ.ഹസ്സൻ ഗനി,​ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ, യു.എ.ബീരാൻ, യൂനുസ് കുഞ്ഞ്,​ എം.കെ മുനീർ,​ എം. ഉമ്മ‌ർ എന്നിവർ പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ നിലവിലെ സാരഥി പി.ഉബൈദുള്ളയാണ്. മലപ്പുറം നഗരസഭയും ആനക്കയം,​ കോഡൂർ, പുൽപ്പറ്റ,​ പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളും ചേർന്നതാണ് മലപ്പുറം മണ്ഡലം.

പ്രതീക്ഷയും ആശങ്കയും

മലപ്പുറത്തെ ഭൂരിപക്ഷം എത്രയെന്നതിൽ മാത്രമേ ലീഗിന് സംശയമുള്ളൂ. 20,000ത്തിൽ താഴെ വോട്ടിന്റെ ലീഡാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നതാണ് ഈ കൺഫ്യൂഷന് കാരണം. നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പുപ്പിൽ യു.ഡി.എഫിന് 93,​320 വോട്ടും എൽ.ഡി.എഫിന് 76,​654 ഉും എൻ.ഡി.എയ്ക്ക് 1,​640 വോട്ടുമാണ് ലഭിച്ചത്. മണ്ഡല പുനർനിർണ്ണയ ശേഷം നടന്ന 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.ഉബൈദുള്ളയ്ക്ക് 44,322 വോട്ടിന്റെ ഭൂരിപക്ഷമാണേകിയത്. മലപ്പുറത്തിന്റെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം. എന്നാൽ 2016ൽ എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ 8,​650 വോട്ടിന്റെ കുറവുണ്ടായി. ഭൂരിപക്ഷം 35,672ലേക്കെത്തി. 2017ലെ മലപ്പുറം ലോക്‌സ‌ഭ ഉപതിരഞ്ഞെടുപ്പിലിത് 33,281ലേക്ക് താഴ്ന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയത് റെക്കാർഡ് തകർത്ത വിജയം. 44,976 വോട്ടിന്റെ ഭൂരിപക്ഷം. മികച്ച സ്ഥാനാർത്ഥിയിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

കോട്ടകൾ ഭദ്രം

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞെങ്കിലും അഞ്ച് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ഭരണത്തിൽ വ്യക്തമായ മേൽക്കോയ്മ യു.ഡി.എഫ് നിലനിറുത്തിയിട്ടുണ്ട്. മലപ്പുറം നഗരസഭയിൽ യു.ഡി.എഫിന് 25ഉും എൽ.ഡി.എഫ് 15ഉും കൗൺസില‌ർമാരുണ്ട്. കോഡൂർ പഞ്ചായത്തിൽ യു.ഡി.എഫ് - 14 എൽ.ഡി.എഫ് - 5,​ പൂക്കോട്ടൂർ യു.ഡി.എഫ് -16,​ എൽ.ഡി.എഫ് -1,​ സ്വതന്ത്രർ - 2,​ മൊറയൂരിൽ യു.ഡി.എഫ് - 13,​ എൽ.ഡി.എഫ് - 4,​ സ്വതന്ത്രൻ - 1,​ ആനക്കയത്ത് യു.ഡി.എഫ് - 15 എൽ.ഡി.എഫ് - 8,​ പുൽപ്പറ്റയിൽ യു.ഡി.എഫ് - 14 എൽ.ഡി.എഫ് - 7 എന്നിങ്ങനെയാണ് കക്ഷി നില

നിയമസഭ ഫലം ( 2016 )​
പി. ഉബൈദുല്ല (മുസ്‌ലിം ലീഗ്) 81,072
കെ.പി. സുമതി (സി.പി.എം) 45,400
ബാദുഷ തങ്ങൾ (ബി.ജെ.പി) 7,211


ഭൂരിപക്ഷം 35,672


2017ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്
പി.കെ.കുഞ്ഞാലിക്കുട്ടി (ലീഗ്) 84,580
എം.ബി. ഫൈസൽ (സി.പി.എം) 51,299
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 5,​896


ഭൂരിപക്ഷം 33,281


2019 ലോക്‌സഭ തിരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി ( ലീഗ്) 94,​704
വി.പി.സാനു (സി.പി.എം) 49,​728
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 7,​343

ഭൂരിപക്ഷം 44,​976