
തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചൂളം വിളിച്ചെത്തുകയാണ് നിലമ്പൂർ - നഞ്ചൻകോട് റെയിൽവേപാത പദ്ധതി. മലപ്പുറം - വയനാട് ജില്ലകളുടെ മുഖച്ഛായ തന്നെ മാറ്റാൻ ഉതകുന്ന പദ്ധതി കാലങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പല തവണ സർവേകൾ നടത്തിയത് മാത്രം മിച്ചം. പാത നിലവിൽ വന്നാൽ കർണ്ണാടകയിലേക്കും ഇതുവഴി ഉത്തരേന്ത്യയിലേക്കും കേരളത്തിൽ നിന്നുള്ള യാത്രാദൂരവും സമയവും കുറയും. മുബൈയിലേക്ക് സേലം, ബാംഗ്ലൂർ വഴിയുള്ളതിനേക്കാൾ 70 കിലോമീറ്ററോളം ദൂരം കുറയും. ബാംഗ്ലൂർ -കൊച്ചി - വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള എളുപ്പ മാർഗവുമാകും. ചരക്ക് ഗതാഗതരംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവുന്ന പദ്ധതിയാണിത്. ടൂറിസം രംഗത്ത് വലിയ കുതിപ്പിന് സഹായകമാവുന്നതിനൊപ്പം വയനാടിനെ റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്താനുമാകും.
സർവേയ്ക്ക് ഒരു കുറവുമില്ല
2001- 02 ലെ റെയിൽവേ ബഡ്ജറ്റിൽ പാതയുടെ സർവേയ്‌ക്കായി തുക വകയിരുത്തുകയും റെയിൽവേ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സാദ്ധ്യതാ പഠനവും നടത്തി. തുടർപഠനത്തിൽ നിലമ്പൂർ - എടക്കര - വഴിക്കടവ് - അയ്യൻകൊല്ലി - വടുവഞ്ചാൽ- സുൽത്താൻ ബത്തേരി വഴി നഞ്ചൻകോടിലേക്കുള്ള റൂട്ടിന് റെയിൽവേയ്ക്ക് ശുപാർശ നൽകിയെങ്കിലും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ റിപ്പോർട്ട് തള്ളി. 2008ലെ റെയിൽവേ ബഡ്ജറ്റിൽ പാത വീണ്ടും ഇടംപിടിച്ചു. തുടർന്ന് മറ്റൊരു സർവേ റിപ്പോർട്ട് റെയിൽവേയ്ക്ക് സമർപ്പിച്ചു. ഇതിലും നടപടിയുണ്ടായില്ല. നഞ്ചൻകോട് പാത നിലവിൽ വന്നാൽ ഡൽഹിയിലേക്ക് കൊങ്കൺ വഴിയുള്ളതിനേക്കാൾ 388 കിലോമീറ്ററും വിജയവാഡ വഴിയുള്ളതിനേക്കാൾ 139 കിലോമീറ്ററും കുറവായിരിക്കും. ബാംഗ്ലൂരിലേക്ക് ദൂരം ഏറെ കുറയുമെന്നതിനൊപ്പം മൈസൂരിലേക്ക് നേരിട്ടുതന്നെ എത്താനുമാവും. നഞ്ചൻകോടിൽ നിന്ന് മൈസൂരുവിലേക്ക് 26 കിലോമീറ്റർ മാത്രമാണുള്ളത്. നിലവിൽ സേലം, ബാംഗ്ലൂർ വഴി ചുറ്റി വേണം മൈസൂരിലെത്താൻ. മലബാറുമായി മൈസൂരിന് പഴയകാലം മുതലേ വാണിജ്യബന്ധങ്ങൾ ശക്തമാണ്. മൈസൂർ, ബാംഗ്ലൂർ റൂട്ടുമായി ബന്ധിപ്പിക്കുന്നതോടെ വയനാടിന്റെ ടൂറിസം രംഗത്തിന് വലിയ ഉണർവാകും പദ്ധതിയുണ്ടാക്കുക. വലിയ സാദ്ധ്യതകളുള്ള ഈ പദ്ധതി ഏറെക്കാലം പദ്ധതി ഫയലുകളിൽ പൊടിപിടിച്ചു കിടന്നു.
ബഡ്‌ജറ്റിൽ പലവട്ടം
2016ലെ കേന്ദ്ര ബഡ്ജറ്റിൽ റെയിൽവേ പാതയ്ക്ക് അനുമതി ലഭിച്ചതോടെയാണ് വീണ്ടും പദ്ധതിക്ക് അനക്കം വെച്ചു തുടങ്ങിയത്. പാതയുടെ സർവേ നടത്തുന്നതിനും ഡി.പി.ആർ തയ്യാറാക്കുന്നതിനുമായി സംസ്ഥാന സർക്കാർ മെട്രോമാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തി. അലൈൻമെന്റും സർവേയും പൂർത്തീകരിച്ചെങ്കിലും സർക്കാർ ഫണ്ട് അനുവദിക്കാതിരുന്നതിനെ തുടർന്ന് ഡി.എം.ആർ.സി പദ്ധതിയിൽ നിന്ന് പിന്മാറി. തുടർന്ന് രണ്ട് വർഷത്തോളം പദ്ധിക്ക് വീണ്ടും ഫയലിൽ ഉറങ്ങേണ്ടി വന്നു. 2018ൽ പാതയുടെ തുടർനടപടികൾക്ക് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ തുടക്കമിട്ടെങ്കിലും ഇതും വൈകാതെ നിലച്ചു. മൂന്നരവർഷം ഫയലിൽക്കിടന്ന പദ്ധതിക്കാണിപ്പോൾ വീണ്ടും അനക്കം വച്ചിട്ടുള്ളത്.
ഇനിയെങ്കിലും ചൂളം വിളിക്കുമോ
പാതയുടെ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ള ലൊക്കേഷൻ സർവേ മാർച്ചിൽ കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ തുടങ്ങും. കേരള, കർണ്ണാടക സംസ്ഥാനങ്ങളിലെ വനമേഖലകളിലൂടെ കടന്നുപോവുന്ന പദ്ധതിയാണിത്. കർണ്ണാടകയിൽ സർവേക്കുള്ള അനുമതി ലഭിക്കാത്തതിനാൽ കേരളത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ മാത്രമാവും സർവേ. 176 കിലോമീറ്റർ പിന്നിടുന്ന പാതയിൽ 114 കിലോമീറ്റർ കേരളത്തിലും 62 കിലോമീറ്റർ കർണ്ണാടകയിലൂടെയാണ്. കർണ്ണാടക വനഭൂമിയിൽ സർവേ നടത്തുന്നതിന് അനുമതിക്കായി കേരളം റെയിൽവേ മന്ത്രാലയത്തിന്റെ സഹായം അഭ്യാർത്ഥിച്ചിട്ടുണ്ട്. പദ്ധതിയോട് തുടക്കം മുതൽ താത്പര്യം പ്രകടിപ്പിക്കാത്ത സമീപനമാണ് കർണ്ണാടകം പുലർത്തുന്നത്. ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ പദ്ധതിയോട് തുടക്കം മുതൽ പുലർത്തിയ നിസംഗഭാവത്തിന്റെ തുടർച്ചയാണിത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരിക്കുന്ന പാർട്ടികൾ നഞ്ചൻകോടിനെ ഉയർത്തിക്കാട്ടുന്നത് പതിവാണ്. മലയോര മേഖലയുടെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രങ്ങൾക്കപ്പുറം പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ആത്മാർത്ഥത ഇനിയെങ്കിലും ഭരണകേന്ദ്രങ്ങൾ കാണിക്കണമെന്ന ആവശ്യമാണ് ജനങ്ങൾക്കുള്ളത്.