മലപ്പുറം: ഫുട്ബാളിന്റെ ഈറ്റില്ലമാണ് ഏറനാട്. ദേശീയ, സംസ്ഥാന ടീമുകളിലേക്കടക്കം നിരവധി താരങ്ങളെ സമ്മാനിച്ച മണ്ണ്. സോക്കർ ആവേശം എന്നും മനസിൽ സൂക്ഷിക്കുന്ന ജനത. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫുട്ബാളിൽ തട്ടിയാണ് ചർച്ചകളെല്ലാം. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനൊപ്പം ഏറനാടിന്റെ സോക്കർ പ്രേമം കൂടി പ്രയോജനപ്പെടുത്തിയാൽ വിജയം അകലെയല്ലെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. എൽ.ഡി.എഫിനായി മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും ആർ.ആർ.എഫ് കമാൻഡന്റുമായിരുന്ന യു.ഷറഫലി മത്സരിച്ചേക്കും. മത്സര സന്നദ്ധത ഷറഫലി അറിയിച്ചതായാണ് വിവരം. പി.കെ.ബഷീർ ഏറനാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് മാറുകയാണെന്ന പ്രചാരണം ഉയർന്നിട്ടുണ്ട്. ഏറനാട്ടിൽ പി.വി.അബ്ദുൾ വഹാബ് മത്സരിക്കാൻ നോട്ടമിട്ടിരുന്നെങ്കിലും തീരുമാനം നീളുകയാണ്. താഴേത്തട്ടിലെ സ്വീകാര്യതയിലാണ് ആശങ്ക. രാജ്യസഭാംഗമായി ഒരുവട്ടം കൂടി തുടരാൻ തീരുമാനിച്ചാൽ ബഷീർ തന്നെ മത്സരിച്ചേക്കും.
2011ലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തെ തുടർന്നാണ് ഏറനാട് നിയോജക മണ്ഡലം രൂപീകൃതമായത്. വണ്ടൂർ, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ ഭാഗമായിരുന്നു നേരത്തെ ഏറനാട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി, എടവണ്ണ, കാവന്നൂർ, അരീക്കോട്, കുഴിമണ്ണ, ചാലിയാർ പഞ്ചായത്തുകൾ ചേർന്നതാണ് ഏറനാട് നിയോജക മണ്ഡലം. മണ്ഡല രൂപവത്കരണത്തിന് ശേഷം മുസ്ലിം ലീഗിലെ പി.കെ. ബഷീറാണ് സാരഥി. ദീർഘകാലം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട് പി.കെ.ബഷീർ. മണ്ഡലത്തിൽ ഏറെ സുപരിചിതനും. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന സീതിഹാജിയുടെ പുത്രനെന്ന നിലയിൽ പ്രാദേശിക ലീഗ് നേതൃത്വങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യൻ.
സർവത്ര സ്വതന്ത്രർ
രണ്ട് തിരഞ്ഞെടുപ്പുകളിലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടെങ്കിലും കണക്കുകളിൽ ഉറച്ച പച്ചക്കോട്ടയല്ലെന്നതിലാണ് ലീഗിന്റെ ആശങ്ക. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഏറനാട്ടിൽ നടത്തിയത്. പി.കെ.ബഷീർ എം.എൽ.എയുടെ നാടായ എടവണ്ണയിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്തു. ദയനീയമായ തോൽവിയാണ് എടവണ്ണയിൽ ലീഗിനേറ്റത്. പച്ചക്കോട്ടകളായി നിലയുറപ്പിച്ചിരുന്ന വാർഡുകളിലടക്കം വലിയ ഭൂരിപക്ഷത്തിന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു. പാർട്ടി ചിഹ്നത്തേക്കാൾ സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മിക്കവരും മത്സരിച്ചത്. സീറ്റ് മോഹികളുടെ കരുനീക്കങ്ങളും പാർട്ടിക്കുള്ളിലെ കാലുവാരലും ലീഗിന് കടുത്ത ക്ഷീണമുണ്ടാക്കി. മറ്റ് പഞ്ചായത്തുകളിലും സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനായില്ല. ലീഗിനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന അരീക്കോട്ട് യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഏഴും മെമ്പർമാരുണ്ട്. കൂടാതെ ഒരു ഇടത് സ്വതന്ത്രയും. ചാലിയാറിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് അഞ്ചും സീറ്റുകളുണ്ട്. ഭരണസമിതിക്കുള്ളിലെ വിഴുപ്പലക്കലുകളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പി.കെ. ബഷീർ എം.എൽ.എയ്‌ക്കെതിരെയുള്ള ആരോപണങ്ങളും യു.ഡി.എഫിന്റെ നിറംമങ്ങിയ പ്രകടനത്തിന് കാരണമായി. കാവന്നൂരിലെ ശക്തി യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫിന് പന്ത്രണ്ടും എൽ.ഡി.എഫിന് ആറും മെമ്പർമാരുണ്ട്.
നെഞ്ചിടിപ്പേറ്റി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
കണക്കിലെ കളിയിങ്ങനെ
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി കെ.ടി.അബ്ദുറഹ്മാനായിരുന്നു മത്സരിച്ചിരുന്നത്. 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫിന്റെ വിജയം. ആകെ പോൾ ചെയ്ത 1,35,850 വോട്ടിൽ 69,048 വോട്ട് പി.കെ.ബഷീറിനും 56,155 വോട്ട് കെ.ടി.അബ്ദുറഹിമാനും ലഭിച്ചു. 2011നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ടിൽ 0.46 ശതമാനവും എൽ.ഡി.എഫിന്റെ വോട്ടിൽ 0.13 ശതമാനവും കുറഞ്ഞു. അതേസമയം ബി.ജെ.പിയുടെ കെ.പി ബാബുരാജിന് 1.45 ശതമാനം വോട്ട് കൂടി. 6,055 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.
2011ലെ നിയമഭ തിരഞ്ഞെടുപ്പ്
പി.കെ.ബഷീർ ( മുസ്‌ലിം ലീഗ്) 58,698
പി.വി.അൻവർ (ഇടത് സ്വതന്ത്രൻ) 47,452
കെ.പി. ബാബുരാജ് ( ബി.ജെ.പി ) 3,488
അഷ്റഫ് കാളിയത്ത് (സി.പി.ഐ) 2,700
ഭൂരിപക്ഷം - 11,246