chennithala

വേങ്ങര: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാലുടൻ അനധികൃത നിയമനങ്ങൾ റദ്ദാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഇത്തരത്തിലുള്ള മുഴുവൻ നിയമനങ്ങളും അന്വേഷിക്കും. കേരളത്തിലെ ചെറുപ്പക്കാർ തൊഴിലില്ലാതെ നരകിക്കുമ്പോൾ തോറ്റ എം.പിമാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ തൊഴിലുറപ്പാക്കുകയാണ് സർക്കാർ. പാലക്കാട് മുൻ എം.പി എം.ബി.രാജേഷിന് ആത്മാഭിമാനം ഉണ്ടെങ്കിൽ കാലടി സർവകലാശാലയിൽ അനധികൃതമായി ലഭിച്ച ജോലി രാജിവയ്ക്കാൻ ഭാര്യയോട് പറയണം. നിയമനം നൽകിയത് തെറ്റായ വഴിയിലൂടെയാണെന്ന് ഇന്റർവ്യൂ ബോർഡംഗം ഡോ.ഉമ്മർ തറമേലിന് പുറമെ അംഗങ്ങളായ കെ.എം ഭരതൻ, പി.പവിത്രൻ എന്നിവർ സർവകലാശാല വി.സിയ്ക്കും രജിസ്ട്രാർക്കും കത്ത് നൽകിയതായാണ് വിവരം. ഇനി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പുള്ളതിനാലാണ് സി.പി.എം കിട്ടുന്നിടത്തൊക്കെ നേതാക്കളുടെ ഭാര്യമാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത്. അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്തി സുപ്രീംകോടതി വിധിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ്.