vvvv
ഐശ്വര്യ കേരളയാത്ര നയിച്ച് മലപ്പുറം വേങ്ങരയിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പ്രവർത്തകർ ചുമലിലേറ്റി സ്റ്റേജിലേക്ക് കൊണ്ടുപോവുന്നു

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജില്ലയിൽ പര്യടനമാരംഭിച്ചു. ജില്ലാ അതിർത്തിയായ ഇടിമുഴീക്കലിൽ വൻ വരവേൽപ്പാണ് യു.ഡി.എഫ് പ്രവർത്തകർ നൽകിയത്. തുടർന്ന് വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലായിരുന്നു ജില്ലയിലെ ആദ്യത്തെ സ്വീകരണ യോഗം.യാത്രയ്ക്ക് അഭിവാദ്യമർപ്പിക്കാൻ ഓരോ സ്വീകരണ യോഗങ്ങളിലും നിരവധി പേരെത്തിയിരുന്നു. അനധികൃത നിയമനങ്ങളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിലെ മുഴുവൻ നിയമനങ്ങളും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മടങ്ങി വന്ന പ്രവാസികളെ വഞ്ചിച്ച സർക്കാരാണിത്. പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ, അവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ചധിക്ഷേപിച്ച പിണറായി സർക്കാരിനെ പുറത്താക്കാനുള്ള അവസരത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണ്.

കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും പുരോഗതിയുടെയും നെടുന്തൂണായ പ്രവാസികളെ ശത്രുക്കളെപ്പോലെയാണ് പിണറായി സർക്കാർ കൊവിഡ് കാലത്ത് കണ്ടത്. കേരളത്തിൽ കാലുകുത്തണമെങ്കിൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അവരെ പരമാവധി ദ്രോഹിച്ചു . പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ട് ഒരാൾക്കു പോലും തൊഴിൽ നൽകാൻ സർക്കാരിനായില്ല.

വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നത് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഗൾഫിൽ കേരള സ്‌കൂൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് അതും നടന്നില്ല. ആന്തൂരിലെ സാജൻ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ പാപക്കറ പിണറായി സർക്കാറിന്റെ കൈയിൽ നിന്നും ഒരിക്കലും മായില്ലെന്നും ലഭിച്ച സ്വീകരണ യോഗങ്ങളിൽ അദ്ദേഹം പറഞ്ഞു.

വള്ളിക്കുന്ന്, വേങ്ങര, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, വണ്ടൂർ എന്നിവിങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി നിലമ്പൂരിൽ സമാപിച്ചു. ഇന്ന് രാവിലെ പത്തിന് പെരിന്തൽമണ്ണയിൽ നിന്ന് യാത്ര തുടങ്ങും. 11ന് തിരൂർക്കാട് 12ന് മലപ്പുറം,​ ഉച്ചയ്ക്ക് ശേഷം മൂന്നിന് കോട്ടയ്ക്കൽ ചങ്കുവെട്ടി,​ നാലിന് തിരൂരങ്ങാടി,​ ചെമ്മാട്,​ അഞ്ചിന് താനൂർ എന്നിവിങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ആറിന് തിരൂരിൽ സമാപിക്കും. നാളെ രാവിലെ 10ന് ആലത്തിയൂരിൽ നിന്ന് തുടക്കം. 11ന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ച് ജാഥ പാലക്കാട്ടേക്ക് പ്രവേശിക്കും.