
പൊന്നാനി: അറബിക്കടലിൽ നിന്നുള്ള പൊന്നാനിക്കാറ്റ് ഇത്തവണ എങ്ങോട്ട് വീശും. ഇടത്തോട്ടു വീശുന്ന കാറ്റിനെ വലത്തോട്ട് ഗതി മാറ്റാൻ ആകുമോ എന്നതാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉറ്റുനോക്കുന്നത്. ആരോടൊപ്പവും ഉറച്ചു നിൽക്കാതിരുന്ന പൊന്നാനി കഴിഞ്ഞ 15 വർഷമായി ഇടതിനൊപ്പമാണ് സഹവാസം. ഇത്തവണ വലത്തോട്ട് പറിച്ചുനടാനായില്ലെങ്കിൽ പൊന്നാനിക്കാറ്റിന്റെ ദിശ എന്നെന്നേക്കുമായി ഇടത്തോട്ടു തന്നെയാകുമെന്നതാണ് പൊതുവായ നിരീക്ഷണം. ഇടതുപക്ഷത്തിനും കോൺഗ്രസ്സ് മുന്നണിക്കും ശക്തമായ സ്വാധീനമുള്ള പൊന്നാനിയുടെ മണ്ണ് ആർക്കെങ്കിലും ഒരു കൂട്ടർക്ക് തീറെഴുതി നൽകാത്ത കഥയാണ് ഇന്നലെ കുറിച്ച് പറയാനുള്ളത്.
1957ൽ ദ്വയാംഗ മണ്ഡലമായി നിലവിൽ വന്ന പൊന്നാനി എന്നും ശക്തമായ പോരാട്ടത്തിന്റെ ഭൂമികയായിരുന്നു. ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇരുകൂട്ടരും തുല്യമായാണ് ജയിച്ചു കയറിയിട്ടുള്ളത്. അവസാനം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകൾ ഇടതുപക്ഷത്തിന്റെ കോട്ട എന്നതിലേക്ക് പൊന്നാനി മാറുന്ന സ്ഥിതിയുണ്ടാക്കി. കെ.കുഞ്ഞമ്പു, കെ.ജി കരുണാകരമേനോൻ, വി.പി.സി തങ്ങൾ, എം.പി ഗംഗാധരൻ, ഇ.കെ.ഇമ്പിച്ചിബാവ, കെ.ശ്രീധരൻ, പി.ടി.മോഹനകൃഷ്ണൻ, പാലോളി, മുഹമ്മദ് കുട്ടി, പി.ശ്രീരാമകൃഷ്ണൻ എന്നിവരാണ് പൊന്നാനിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. എം.പി.ഗംഗാധരനാണ് കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഗംഗാധരൻ മൂന്ന് തവണ പൊന്നാനിയുടെ ജനപ്രതിനിധിയായി. കെ കുഞ്ഞമ്പു, പാലൊളി മുഹമ്മദ് കുട്ടി, പി ശ്രീരാമകൃഷ്ണൻ എന്നിവർ രണ്ടു തവണ വീതം തിരഞ്ഞെടുക്കപ്പെട്ടു.
പിടികൊടുക്കാതെ പൊന്നാനി
1970 മുതൽ 91 വരെ ആരും തുടർച്ചയായി ജയിച്ചിട്ടില്ലായിരുന്നു. മാറി മാറിയായിരുന്നു വിജയം.1991ലും 1996 ലും പൊന്നാനി ഇടതുപക്ഷത്തിനൊപ്പം നിന്നു. 2001ൽ യു.ഡി.എഫ് പിടിച്ചെടുത്തു. അതിനു ശേഷം തുടർച്ചയായി മൂന്നുവട്ടവും ഇടതുപക്ഷത്തിനൊപ്പമാണ് പൊന്നാനിയുള്ളത്. ഇ.കെ. ഇമ്പിച്ചിബാവ രണ്ട് വട്ടം ഇവിടെ നിന്ന് പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഇടതുപക്ഷത്തിനൊപ്പമാണ്. 2006 ൽ പാലൊളി മുഹമ്മദ് കുട്ടി നേടിയ 28,347 വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയിലെ റെക്കോർഡ് ഭൂരിപക്ഷം. 2011ൽ പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ നിന്ന് ആദ്യമായി മത്സരിച്ചപ്പോൾ ഭൂരിപക്ഷം 4,104 ആയിരുന്നു. 2016ൽ അത് 15,640 ആയി വർദ്ധിച്ചു.
അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പൊന്നാനി മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം പതിമൂവായിരത്തിന് മുകളിലാണ്. പൊന്നാനി നഗരസഭയിൽ മാത്രം ആറായിരത്തിനടുത്താണ് ഭൂരിപക്ഷം. ചരിത്രത്തിൽ ആദ്യമായി പൊന്നാനി നഗരസഭ തുടർഭരണത്തിലേക്ക് എത്തിയത് ഇത്തവണയാണ്. ഏറ്റവും വലിയ ഭൂരിപക്ഷവും ഇത്തവണ നേടി. 51 വാർഡുകളുള്ള നഗരസഭയിൽ 38 എണ്ണവും ഇടതുമുന്നണി നേടി. അഞ്ച് പഞ്ചായത്തുകളിൽ നാലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഭരണം കിട്ടിയ വെളിയങ്കോട് മാത്രമാണ് യു.ഡി.എഫിനും കോൺഗ്രസ്സിനും ആശ്വാസമായുള്ളത്. 15 വർഷമായി യു.ഡി.എഫ് ഭരിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്ത് ഇടതു മുന്നണി പിടിച്ചെടുത്തു. ആലങ്കോട് പഞ്ചായത്തിലും ഇടതുമുന്നണി ഭരണം പിടിച്ചു. മാറഞ്ചേരിയിലും നന്നംമുക്കിലും ഭരണം നിലനിറുത്തി.
ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. തുടർച്ചയായുള്ള പരാജയം കോൺഗ്രസിനെ കാര്യമായി വിഷമിപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും കോൺഗ്രസ്സ് ക്യാമ്പുകൾ വലിയ പ്രതീക്ഷയോടെയല്ല ഇതിനെ കാണുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന പ്രതീക്ഷക്കൊപ്പമാണ് കോൺഗ്രസ്സുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനുണ്ടായ തിരിച്ചടി ഗൗരവമായാണ് കോൺഗ്രസ് കാണുന്നത്.