
മലപ്പുറം: കേരളത്തിൽ അനധികൃത നിയമന മേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും. ഇതിനായി നിയമ നിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെല്ലാം യൂണിവേഴ്സിറ്റികളിൽ നിയമനം നൽകുകയാണ്. നേരത്തെ കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിലും പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവകലാശാലയിലും നിയമനം നൽകിയത് വിവാദമായിരുന്നു. സർവകലാശാലകളിലെ നിയമനം യു.ഡി.എഫ് സർക്കാർ പി.എസ്.സിയ്ക്ക് വിട്ടതാണ്. കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നിയമനങ്ങളെന്ന് പറയുന്ന മുഖ്യമന്ത്രി ഇതു സംബന്ധിച്ച ഫയലുകൾ പുറത്തുവിടാൻ ധൈര്യം കാണിക്കണം. മാനുഷിക പരിഗണനയല്ല രാഷ്ട്രീയ പരിഗണന മാത്രമാണ് സ്ഥിരപ്പെടുത്തൽ നിയമനങ്ങളിലെല്ലാം. ശബരിമല വിഷയത്തിൽ സർക്കാർ ഭക്തർക്കൊപ്പമാണോ അതോ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നവോത്ഥാന നായകന്റെ കള്ളവേഷം ഇനിയും മുഖ്യമന്ത്രി അഴിച്ചുവെച്ചിട്ടില്ല. ഭക്തരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയണം. ശബരിമലയിൽ ഇപ്പോഴെന്ത് പ്രശ്നമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. നേരത്തെ അവിടെ പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരാണ്.
ലീഗിനെ വർഗീയമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനും ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. ബി.ജെ.പിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും സി.പി.എമ്മും വർഗീയത ഇളക്കിവിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.