malappuram
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകിയപ്പോൾ. മഞ്ഞളാംകുഴി അലി എം.എൽ.എ,​ മുൻമന്ത്രി എൻ.സൂപ്പി തുടങ്ങിയവർ സമീപം

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ജില്ലയിൽ സമാപിക്കും. ഇന്നലെ ആദ്യ സ്വീകരണ വേദിയായ പെരിന്തൽമണ്ണ മുതൽ അവസാന വേദിയായ തിരൂർ വരെയും വലിയ ആവേശത്തോടെയാണ് യു.ഡി.എഫ് പ്രവർത്തകർ യാത്രയെ വരവേറ്റത്. സംസ്ഥാന സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും വികസന മുരടിപ്പിനും ഒപ്പം ഓരോ നിയോജമണ്ഡലത്തിലെയും പ്രദേശിക പ്രശ്നങ്ങളും ചർച്ചയാക്കിയാണ് യാത്ര മുന്നോട്ടുപോവുന്നത്.

പിൻവാതിൽ നിയമനങ്ങളുടെ ഘോഷയാത്ര യു.ഡി.എഫ് സർക്കാർ വരുമ്പോൾ അവസാനിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പേകി. പ്രവാസികളെ ഇങ്ങനെ വഞ്ചിച്ച മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം, രണ്ടു ലക്ഷം കിടക്കകൾ, ബഹറിനിലും, അബുദാബിയിലും ഇന്ത്യൻ സ്‌കൂളുകളുടെ നിർമ്മാണം തുടങ്ങി നിരവധി കപട വാഗ്ദാനങ്ങളാണ് പിണറായി സർക്കാർ നൽകിയത്. കൊവിഡ് കാലത്ത് നാട്ടിൽ മടങ്ങിയെത്താൻ സമ്മതിക്കാത്ത മനുഷ്യത്വമില്ലായ്മയും പ്രളയമുൾപ്പടെയുള്ള ദുരിതങ്ങളിൽ നാടിനെ താങ്ങി നിർത്തിയ പ്രവാസികളോട് ശത്രുതാപരമായ സമീപനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജില്ലയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ കോട്ടക്കലിൽ ആയൂർവേദ മെഡിക്കൽ കോളേജ് യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ, തിരൂർക്കാട്, മലപ്പുറം, കോട്ടയ്ക്കൽ, ചെമ്മാട്, താനൂർ തുടങ്ങി സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ഐശ്വര്യ കേരള യാത്രയുടെ സമാപനം തിരൂരിലായിരുന്നു. ഇന്ന് രാവിലെ 10ന് ആലത്തിയൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര 11 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സമാപിക്കും.