
കുറ്റിപ്പുറം: 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ പുലിക്കുട്ടി കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ച് ലീഗിന്റെ ഉരുക്കുകോട്ടയായിരുന്ന കുറ്റിപ്പുറത്ത് കെ.ടി. ജലീൽ ആദ്യമായി വിള്ളൽ വീഴ്ത്തി. കുറ്റിപ്പുറം മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു അത്. മണ്ഡലം പുനർനിർണ്ണയത്തോടെ കുറ്റിപ്പുറം മണ്ഡലമേ ഇല്ലാതായി. പുതുതായി നിലവിൽ വന്ന തവനൂർ മണ്‌ഡലമാണ് പിന്നീടുള്ള അങ്കത്തിന് കെ.ടി. ജലീൽ തിരഞ്ഞെടുത്തത്. മണ്ഡലം നിലവിൽ വന്ന ശേഷമുണ്ടായ രണ്ടു തിരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച ജലീൽ ഹാട്രിക് വിജയം തേടി ഇത്തവണയും ഗോദയിലുണ്ടാവുമെന്നാണ് സൂചന.
2011ൽ തിരൂരിൽ സി.പി.എം ജലീലിനെ പരിഗണിച്ചെങ്കിലും തവനൂരിലല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു ജലീലിന്റേത്. തുടർവിജയങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തുറ്റ സാന്നിദ്ധ്യമായി ജലീൽ മാറി. 2016 ൽ ഇടതുമന്ത്രിസഭയിൽ മന്ത്രിയുമായി.
അദ്ധ്യാപന വൃത്തിയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന നിലപാടും അദ്ദേഹമെടുത്തിട്ടുണ്ട്. രണ്ടുതവണ മത്സരിച്ചു ജയിച്ചവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വതന്ത്രനായ ജലീലിന്റെ കാര്യത്തിൽ ബാധകമാവില്ല. മാത്രമല്ല, വിജയസാദ്ധ്യതയ്ക്ക് മുൻതൂക്കം നൽകുമ്പോൾ ജലീലിനെ കൈവിടാനുമാവില്ല. പ്രാദേശിക ഘടകങ്ങളിൽ നിന്ന് ജലീലിനെതിരെ കടുത്ത എതിർപ്പുകളുണ്ടെങ്കിലും സംസ്ഥാനനേതൃത്വം ജലീലിനൊപ്പം നിൽക്കാനാണ് സാദ്ധ്യത.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ലീഗ് അധികമായി ആവശ്യപ്പെടുന്ന ആറ് മണ്ഡലങ്ങളുടെ ലിസ്റ്റിൽ തവനൂരിന്റെ പേരും ഉണ്ടായിരുന്നു. ഫിറോസ് കുന്നുംപറമ്പിലിനെ ജലീലിനെതിരെ മത്സരിപ്പിക്കാൻ നീക്കമുള്ളതായി പ്രചാരണം നടന്നിരുന്നെങ്കിലും അവ അതിവേഗം കെട്ടടങ്ങി. ലീഗ് സീറ്റുകളുടെ കാര്യത്തിലുള്ള കടുംപിടുത്തം ഉപേക്ഷിച്ച മട്ടാണ്. തവനൂരിൽ കോൺഗ്രസ് തന്നെ മത്സരിച്ചേക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
യുവരക്തത്തിന് പ്രാധാന്യം നൽകിയാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, എന്നിവർ പരിഗണിക്കപ്പെട്ടേക്കാമെന്ന് പ്രചരിക്കുന്നുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. പത്മകുമാറിന്റെ പേരും സ്ഥാനാർത്ഥിത്വത്തിന് പ്രചരിക്കപ്പെടുന്ന പേരുകളിലുണ്ട്. കരുത്തനായ കെ.ടി. ജലീലിനെ തറപറ്റിക്കാൻ ശക്തനായ ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും അണികളിൽ നിന്നുയരുന്നുണ്ട്.
നിളയോട് ചേർന്ന് കിടക്കുന്ന മണ്ഡലം കൃഷിക്ക് ഏറെ പ്രാധാന്യമുള്ള മണ്ണാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ
നിയമസഭ തിരഞ്ഞെടുപ്പ് -2011
1 .കെ ടി ജലീൽ (ഇടതു സ്വത.) 57729
2.വി.വി.പ്രകാശ് (കോൺഗ്രസ്) 50875
3.നിർമ്മല(ബി.ജെ.പി) 7107
ഭൂരിപക്ഷം 6854
2016
കെ.ടി. ജലീൽ (ഇടതു സ്വത.) 68179
ഇഫ്തിഖാറുദ്ദീൻ(യു.ഡി.എഫ്) 51115
രവി തേലത്ത് (ബി.ജെ.പി) 15801
ഭൂരിപക്ഷം 17064