പൊന്നാനി: മഹാകവി അക്കിത്തവും ഇടശ്ശേരി മാവുമില്ലാത്ത ആദ്യ ഇടശ്ശേരി സ്മാരക പുരസ്കാര സമർപ്പണത്തിന് ഇത്തവണ പൊന്നാനി സാക്ഷിയായി. പുരസ്കാരം ഏർപ്പെടുത്തിയ 1982 മുതൽ മഹാകവി അക്കിത്തത്തിന്റെ സാന്നിദ്ധ്യവും പരിപാടിയിലുണ്ടായിരുന്നു. മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്ന അക്കിത്തം. ഒട്ടുമിക്ക വർഷങ്ങളിലും അദ്ദേഹം പുരസ്കാര വിതരണം നടത്തി. ശാരീരിക അവശതകൾ വകവയ്ക്കാതെയായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്.
പൊന്നാനി എ വി ഹൈസ്ക്കൂളിലെ ഇടശ്ശേരി മാവിൻചുവടായിരുന്നു കാലങ്ങളായി പുരസ്കാര ദാനത്തിന്റെ വേദി. മാവ് ദ്രവിച്ച് ഭീഷണിയായി മാറിയതോടെ കഴിഞ്ഞ വർഷം മുറിച്ചു മാറ്റി. ഇതോടെ ഇത്തവണത്തെ പുരസ്കാര ദാന ചടങ്ങ് സ്കൂൾ ഹാളിലായി.
പ്രതികൂല കാലാവസ്ഥയിൽ മാത്രമേ മാവിൻചുവടിൽനിന്ന് ചടങ്ങ് സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മാറ്റിയിരുന്നുള്ളൂ. പൊന്നാനിക്കളരിയിലെ മഹാരഥന്മാർ സാഹിത്യ ചർച്ചയ്ക്ക് ഒരുമിച്ചുകൂടിയിരുന്ന എ.വി ഹൈസ്കൂളിൽ നട്ട മാവിന് പിന്നീട് ഇടശ്ശേരി മാവെന്ന് വിളിവീഴുകയായിരുന്നു.
ഇത്തവണ നാലുപേരാണ് പുരസ്കാരം പങ്കിട്ടത്. ഡോ. എൻ അജയകുമാർ, ഡോ. പി സോമൻ, ഡോ.എസ് എസ് ശ്രീകുമാർ, ഡോ. ഇ.എം. സുജ എന്നിവർക്കാണ് പുരസ്ക്കാരം.
ചടങ്ങ് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടശ്ശേരിയുടെ കവിതകൾ ഏത് പ്രതിസന്ധിയെയും മറികടക്കാൻ ശക്തിയുള്ളതാണെന്ന് സ്പീക്കർ പറഞ്ഞു. ഇടശ്ശേരി ഗാന്ധിയനായിരുന്നെങ്കിലും ഗാന്ധിയെ പോലെയായിരുന്നില്ല. ഗാന്ധി മനുഷ്യനിലെ നന്മകളെ മാത്രമെ കണ്ടിരുന്നുള്ളൂ. എന്നാൽ നന്മയേയും തിന്മയേയും കുറിച്ചുള്ള ദർശനമാണ് ഇടശ്ശേരി മുന്നോട്ടുവെച്ചത്. നന്മയുടെ വിളനിലമാണെന്ന് കരുതുന്നിടത്ത് തിന്മയുടെ കറുപ്പ് കൂടിയുണ്ട്. ഇത് തിരിച്ചറിയേണ്ടതുണ്ടെന്ന് ഇടശ്ശേരി കവിതകൾ പറഞ്ഞു തരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
ഇടശ്ശേരി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പി ഇളയിടം ഇടശ്ശേരി സ്മാരക പ്രഭാഷണം നടത്തി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസൻ ആറ്റുപുറം, വിജു നായരങ്ങാടി, ഡോ. കെ.പി. മോഹനൻ, എം.എം. നാരായണൻ, അഡ്വ. ജിസൻ പി. ജോസ് എന്നിവർ സംസാരിച്ചു.