covid

പൊന്നാനി: മാറഞ്ചേരി ,​ വന്നേരി ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 201 വിദ്യാർത്ഥികൾക്കും 72 അദ്ധ്യാപക-അനദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ജി.എച്ച്.എസ്.എസിലെ 148 വിദ്യാർത്ഥികൾക്കും 39 അദ്ധ്യാപക- അനദ്ധ്യാപകർക്കും വന്നേരി ജി.എച്ച്.എസ്.എസിലെ 53 വിദ്യാർത്ഥികൾക്കും 33 അദ്ധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാറഞ്ചേരി സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് സ്‌കൂളിൽ നടത്തിയ ആർ. ടി.പി.സി.ആർ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് . വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിന്റെ ഫലം ഞായറാഴ്ചയാണ് പുറത്തുവന്നത് . എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന 590 വിദ്യാർത്ഥികൾക്കാണ് പരിശോധന നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന 348 വിദ്യാർത്ഥികളെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും.

വന്നേരി എച്ച്.എസ്.എസിലെ അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധന. മുഴുവൻ അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു . മൊത്തം 86 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വന്നേരി സ്കൂൾ അടച്ചു. മാറഞ്ചേരി സ്കൂളും അടയ്ക്കാനാണ് ആലോചന.

രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ളവരെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. അദ്ധ്യാപകരിൽ പലരും അയൽ ജില്ലകളിൽ നിന്നുള്ളവരാണ് . വരും ദിവസങ്ങളിൽ മേഖലയിൽ കനത്ത ജാഗ്രത ഏർപ്പെടുത്താനാണ് നീക്കം.