bbbb

വളാഞ്ചേരി: തന്നെ തോൽപ്പിച്ച മണ്ഡലം ഇനി വേണ്ടാന്ന് കുഞ്ഞാപ്പ തീരുമാനിച്ചു. 2008ലെ നിയോജകമണ്ഡലം പുനർനിർണ്ണയത്തിൽ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായപ്പോൾ ലീഗുകാർ തമാശരൂപേണ പറഞ്ഞുപരത്തിയ തിയറിയാണിത്. കുറ്റിപ്പുറം മണ്ഡലത്തിന്റെ സിംഹഭാഗവും ചേർന്ന് രൂപം കൊണ്ട മണ്ഡലമാണ് കോട്ടയ്ക്കൽ.

ലീഗ് കോട്ടയായിരുന്ന കുറ്റിപ്പുറം മണ്ഡലത്തിന്റെ പൊതുസ്വഭാവം തന്നെയാണ് 2011ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും കോട്ടയ്ക്കൽ പ്രകടിപ്പിച്ചത്. 2006ൽ കെ.ടി. ജലീൽ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചതൊഴിച്ചാൽ ലീഗ് സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ചരിത്രമാണ് കുറ്റിപ്പുറത്തിനുണ്ടായിരുന്നത്. 2011ൽ എം.പി. അബ്ദു സമദ് സമദാനിയിലൂടെ വലിയ വിജയമാണ് ലീഗ് കൊയ്തത്.എതിർ സ്ഥാനാർത്ഥിയായിരുന്ന എൻ.സി.പിയുടെ പി.കെ. ഗുരുക്കളെ 35902 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സമദാനി വിജയിച്ചത്. 2016ൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. എൻ.സി.പിയുടെ എൻ.എ മുഹമ്മദ് കുട്ടിയെ 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തങ്ങൾ തോൽപ്പിച്ചത്. മണ്ഡലത്തിലുള്ളവർക്ക് ആബിദ് ഹുസൈൻ തങ്ങളെ അത്ര പരിചയമില്ലാത്തതാണ് ഭൂരിപക്ഷം പകുതിയിലധികം കുറയാൻ കാരണമായത്. എതിർ സ്ഥാനാർത്ഥി എൻ.എ. മുഹമ്മദ്കുട്ടി കടുത്ത വെല്ലുവിളിയും സൃഷ്ടിച്ചിരുന്നു.

ആയുർവേദത്തിലൂടെ ലോക പ്രശസ്തമായ കോട്ടയ്ക്കലിൽ ഇത്തവണ മുസ്ലിം ലീഗിന് വൈദ്യ കുടുംബത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെത്തിയേക്കുമെന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്നത്. കോട്ടയ്ക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾക്ക് അവസരം നൽകിയേക്കുമെന്ന വിവരമാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മങ്കട മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ടി.എ. അഹമ്മദ് കബീൽ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നതിനാൽ പ്രദേശത്തുകാരനായ ആബിദ് ഹുസൈൻ തങ്ങൾ മങ്കടയിലേക്ക് മാറിയേക്കുമെന്നാണ് സൂചന. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വളാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അബു യൂസഫ് ഗുരുക്കൾ മണ്ഡലത്തിലെ മുതിർന്ന നേതാവ് കൂടിയാണ്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിപട്ടികയിൽ ഇടം പിടിച്ചെങ്കിലും . ആബിദ് ഹുസൈൻ തങ്ങൾ മത്സര രംഗത്തെത്തിയതോടെ മാറ്റിനിറുത്തപ്പെടുകയായിരുന്നു. അടുത്ത തവണ അവസരം തരാമെന്ന് ഉറപ്പ് അന്ന് പാർട്ടി നൽകിയിരുന്നു. നാലര വർഷംകൊണ്ട് മണ്ഡലത്തിലെ ജനങ്ങളെ കൈയിലെടുക്കാൻ ആബിദ് ഹുസൈൻ തങ്ങൾക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾ ഇത്തവണയും കോട്ടയ്ക്കലിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എങ്കിലും കഴിഞ്ഞ തവണ സി.എച്ച്. അബു യൂസഫ് ഗുരുക്കൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റപ്പെടാനാണ് സാദ്ധ്യത. 2011ൽ

ഇടതുമുന്നണി സ്ഥാനാർത്ഥിയായി എൻ.സി.പിയിലെ എൻ.എ. മുഹമ്മദ് കുട്ടി തന്നെ മത്സരിക്കാനാണ് സാദ്ധ്യത. 2016ൽ ആബിദ് ഹുസൈൻ തങ്ങളോട് പരാജയപ്പെട്ടെങ്കിലും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി തുടർന്നു.

കാര്യമായ തോതിൽ വോട്ട് വർദ്ധിപ്പിക്കാമെന്ന ലക്ഷ്യ

ത്തോടെ ബി.ജെ.പിയും മണ്ഡ‌ലത്തിൽ സജീവമാവുന്നുണ്ട്.

സുരക്ഷിത കോട്ട

പൊതുവേ മുസ്ലിം ലീഗിന്റെ സുരക്ഷിത മണ്ഡലമായി വിലയിരുത്തപ്പെട്ടുന്ന കോട്ടക്കൽ തദ്ദേശതിരഞ്ഞെടുപ്പിലും ഇതേ സൂചനകൾ തന്നെയാണ് നൽകുന്നത്. കോട്ടയ്ക്കൽ, വളാഞ്ചേരി നഗരസഭകൾ, ഇരിമ്പിളിയം, കുറ്റിപ്പുറം, എടയൂർ, മാറാക്കര, പൊന്മള പഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലത്തിൽ എല്ലായിടത്തും യു.ഡി.എഫ്. ആണ് ഭരിക്കുന്നത്. വിജയത്തിൽ കുറഞ്ഞ ഒന്നും കോട്ടയ്ക്കലിൽ യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല.


തിരഞ്ഞെടുപ്പ് ഫലം:

2011

എം.പി. അബ്ദു സമദ് സമദാനി (മുസ്ലിം ലീഗ്) 69717
സി.പി.കെ. ഗുരുക്കൾ (എൻ.സി.പി) 33815
കെ.കെ. സുരേന്ദ്രൻ (ബി.ജെ.പി) 7782

(ഭൂരിപക്ഷം 35902 )

2016 :
പ്രൊഫ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ (മുസ്ലിം ലീഗ്) 71768 (ഭൂരിപക്ഷം 15042 )
എൻ.എ. മുഹമ്മദ് കുട്ടി (എൻ.സി.പി) 56726
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 13205