
മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന മിസ്റ്റീരിയസ് ഹാക്കേഴ്സ് ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെ നന്ദേദിൽ നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയുടെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് ഒരുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ മഹാരാഷ്ട്ര നന്ദേദ് സ്വദേശിയായ ഓംകാർ സഞ്ജയ് ചതർവാഡ് (20 ) ആണ് അറസ്റ്റിലായത്. ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസേജുകൾ കണ്ടതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. കേസിലുൾപ്പെട്ട താനെയിലെ ഭരത് ഗുർമുഖ് ജെതാനി (20 ), നവി മുംബൈയിലെ ക്രിസ്റ്റഫർ (20 ) എന്നിവരെ നവംബറിൽ മുംബൈയിൽ നിന്ന് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടാളികളെ അറസ്റ്റ് ചെയ്തതോടെ ഓംകാർ സഞ്ജയ് മുങ്ങിയിരുന്നു.
വിവിധ ഫിഷിംഗ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികൾ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങൾ നൽകി വസ്തുക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വിൽപ്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നത്. ആമസോൺ, ഫ്ളിപ്പ്കാർട്ട് പോലുള്ള ഇ-വാലറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകൾ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത സിം കാർഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിംഗ് നടത്തിവന്നിരുന്നത്. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതിയാണ് തട്ടിപ്പിനാവശ്യമായ ഓൺലൈൻ അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.