cycle

പൊന്നാനി: 'ചവറ്റുകുട്ട സംസ്‌കാരം" മലയാളികളിലെത്തിക്കാൻ സൈക്കിളിൽ സംസ്ഥാന പര്യടനം നടത്തുകയാണ് പൊന്നാനി സ്വദേശി ആദിൽ അറയ്‌ക്കലും തിരൂർ ആലത്തിയൂർ സ്വദേശി ഷെഫി റഹ്മാനും. പരിസരം മാലിന്യത്തിൽ മുക്കുന്ന മലയാളി സമീപനം കണ്ടുമടുത്താണ് ഇവർ പര്യടനം തുടങ്ങിയത്. മാലിന്യം ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയെന്നതാണ് യാത്രാമുദ്രാവാക്യം. പര്യടനം ഒരുമാസമുണ്ടാകും.

ബി. ടെക്കുകാരനാണ് ഷെഫി റഹ്മാൻ. ആദിൽ ഇംഗ്ലീഷ് ബിരുദധാരിയാണ്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കാണ് യാത്ര. പൊന്നാനിയിൽ നിന്ന് ഫ്ളാഗ് ഓഫ് നിർവഹിച്ച ശേഷം തിരുവനന്തപുരത്തേയ്‌ക്ക് തീവണ്ടി കയറി. ഇന്നലെ യാത്ര ആരംഭിച്ചു. രണ്ടുദിവസം തിരുവനന്തപുരത്താണ് യാത്ര. സന്ദേശം വ്യക്തമാക്കുന്ന പോസ്റ്ററുകൾ സൈക്കിളിൽ സ്ഥാപിച്ചിട്ടുണ്ട്. ആളുകൾ കൂടുന്ന കവലകളിൽ യാത്രാലക്ഷ്യം വിശദീകരിക്കും.

പാതയോരത്ത് ശാസ്ത്രീയമായി ചവറ്റുകുട്ടകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലുമെത്തിക്കും. ജനങ്ങളുടെ പ്രതികരണം യു ട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.
മാലിന്യ നിക്ഷേപത്തിന് ഇടമില്ലാത്ത പ്രദേശങ്ങളിൽ നാട്ടുകാരിൽ നിന്ന് ഒപ്പുശേഖരണം നടത്തി പഞ്ചായത്തുകൾക്ക് നിവേദനം നൽകുമെന്നും ആദിലും ഷെഫിയും പറഞ്ഞു.