bbbbb

കൊണ്ടോട്ടി: എതിരാളികളിലല്ല, പാളയത്തിലെ പടയിലാണ് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗിന്റെ ആശങ്ക. 1957ലെ തിരഞ്ഞെടുപ്പ് മുതൽ കൊണ്ടോട്ടിയിലെ പച്ചപ്പ് വാടിയിട്ടില്ല. 1957ൽ എം.പി.എം അഹമ്മദ് കുരിക്കളെ സ്വതന്ത്ര ബാനറിൽ ഇറക്കിയുള്ള ലീഗിന്റെ ആദ്യ പോരാട്ടത്തിൽ കോൺഗ്രസിലെ കൊളക്കാടൻ അബൂബക്കർ 7,​000ത്തോളം വോട്ടിനാണ് തറപറ്റിയത്. 60ലെ തിരഞ്ഞെടുപ്പിൽ അഹമ്മദ് കുരിക്കളുടെ ഭൂരിപക്ഷം 21,​307 ആയി ഉയർന്നു. അന്ന് മുതൽ പിന്നീടിങ്ങോട്ട് കൊണ്ടോട്ടിയിലെ പരാജയത്തെ കുറിച്ചല്ല,​ ഭൂരിപക്ഷം എത്രയെന്നതിലാണ് നേതൃത്വത്തിന്റെയും അണികളുടെയും ചർച്ചകൾ നീളുന്നത്. ലീഗിന്റെ സമുന്നത നേതാക്കളായ സയ്യിദ് ഉമർ ബാഫഖി തങ്ങൾ,​ പി. സീതിഹാജി അടക്കമുള്ളവർ മണ്ഡലത്തിന്റെ പ്രതിനിധികളായി. നിലവിൽ ടി.വി ഇബ്രാഹീം ആണ് മണ്ഡലത്തിന്റെ സാരഥി.

ചെറുകാവ്, ചീക്കോട്, മുതുവല്ലൂർ, പുളിക്കൽ, വാഴയൂർ, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേർന്നതാണ് കൊണ്ടോട്ടി നിയമസഭ മണ്ഡലം. പുളിക്കലിൽ മാത്രമാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടി നഗരസഭയും വാഴക്കാടും വാഴയൂരും ഇടതിനൊപ്പമായിരുന്നു. കോൺഗ്രസും ലീഗും തമ്മിലെ പോര് ഇടതിന് അനുകൂലമായി. ലോക‌്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളുടെയും സംസ്ഥാന,​ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ 10,​654 വോട്ടിന്റെ ഭൂരിപക്ഷമാണ് ടി.വി ഇബ്രാഹിമിന് ലഭിച്ചതെങ്കിൽ യു.ഡി.എഫിൽ ഐക്യം രൂപപ്പെട്ടതോടെ 2017ലെ ലോക‌്സഭ ഉപതിരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 25,​904 വോട്ടായി വർദ്ധിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 39,​313 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടി 87,​561 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന്റെ വി.പി സാനു 48,​248 വോട്ടും ബി.ജെ.പിയുടെ ഉണ്ണിക്കൃഷ്ണൻ 13,​832 വോട്ട് നേടി. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ യു.ഡി.എഫിന്റെ ലീഡ് 21,​235 വോട്ടാണ്.

സീറ്റിന് പിടിവലി

ഉറച്ച സീറ്റിനായി ലീഗിനുള്ളിൽ പിടിവലി ശക്തമാണ്. എം.എൽ.എ ടി.വി.ഇബ്രാഹീമിന് പകരം മണ്ഡലം ലീഗ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ പി.എ. ജബ്ബാറിന് സീറ്റ് നൽകണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യം. നേരത്തെ സമസ്ത ലീഗൽ കമ്മിറ്റി ചെയർമാനായിരുന്നു. വനിത കമ്മിഷന് മുന്നിലെത്തിയ പീ‌ഡന പരാതിയാണ് എതിർവിഭാഗം ജബ്ബാറിനെതിരെ ചൂണ്ടിക്കാട്ടുന്നത്. ഏറനാട് എം.എൽ.എ പി.കെ.ബഷീറിനെ കൊണ്ടോട്ടിയിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. പി.വി.അബ്ദുൾ വഹാബ് ഏറനാട്ടിൽ മത്സരിച്ചാൽ മാത്രമാവുമിത്. ടി.വി.ഇബ്രാഹീമിനെ മഞ്ചേരിയിലോ മറ്റിടങ്ങളിലോ പരിഗണിക്കും. മത്സര രംഗത്തിറങ്ങുന്നതിൽ പി.വി.അബ്ദുൾവഹാബ് തീരുമാനമെടുത്തിട്ടില്ല. ഇങ്ങനെയെങ്കിൽ ടി.വി.ഇബ്രാഹീമിന് കൊണ്ടോട്ടിയിൽ തന്നെ ഒരു അവസരം കൂടി നൽകിയേക്കും.

തദ്ദേശം യു.ഡി.എഫിനൊപ്പം
കൊണ്ടോട്ടി നഗരസഭയിൽ യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫ് - 32, എൽ.ഡി.എഫ് - 6, സ്വതന്ത്രർ - 2 എന്നിങ്ങനെയാണിത്. വാഴക്കാട്,ചീക്കോട് പഞ്ചായത്തുകളിൽ യു.ഡി.എഫിന് 16 പേർ വീതവും എൽ.ഡി.എഫിന് രണ്ടുപേർ വീതവുമാണുള്ളത്. വാഴയൂരിലും പുളിക്കലിലുമാണ് ഇടതിന് നേട്ടമുണ്ടായത്. പുളിക്കലിൽ ഒരു സീറ്റിന്റെ മുൻതൂക്കത്തിൽ ഇടതിനാണ് ഭരണം. എൽ.ഡി.എഫ് - 11, യു.ഡി.എഫ് - 10. വാഴയൂരിൽ ഇരുമുന്നണികൾക്കും എട്ടുപേർ വീതമാണ്. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. മുതുവല്ലൂർ യു.ഡി.എഫ് -11, എൽ.ഡി.എഫ് - 3 . തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൂടുതൽ അനുകൂലമാണെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം


2016 നിയമസഭ
ടി.വി.ഇബ്രാഹിം (ലീഗ് ) 69,​668
കെ.പി.വീരാൻകുട്ടി (എൽ.ഡി.എഫ് സ്വതന്ത്രൻ) 59,​014
കെ.രാമചന്ദ്രൻ (ബി.ജെ.പി) 12,​513


ഭൂരിപക്ഷം 10,654

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്
പി.കെ.കുഞ്ഞാലിക്കുട്ടി (ലീഗ്) 87,​561
വി.പി സാനു (സി.പി.എം) 48,​248
ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 13,​832


ഭൂരിപക്ഷം 39,​313