vvv

മഞ്ചേരി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ രണ്ടുതവണ നിയമസഭയിലേക്കയച്ച മണ്ഡലം. ഇടതുപക്ഷത്തിന് ഇതുവരെ തകർക്കാനാവാത്ത ലീഗ് കോട്ട. അതാണ് മഞ്ചേരി മണ്ഡലം. 1967ന്‌ ശേഷം ലീഗിന്റെ ഈ കോട്ടയിൽ വിള്ളൽ വീണിട്ടില്ല.
മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് നിലവിലെ മഞ്ചേരി നിയമസഭ മണ്ഡലം.
ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്ത് കൂടി യു.ഡി.എഫ് പിടിച്ചെടുത്തതോടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും ഭരണം യു.ഡി.എഫിനൊപ്പമാണ്. ഈ പ്രകടനം നിയമസഭ തിരഞ്ഞെടുപ്പിലും തുടരാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടൽ.
1957ലും 1960ലും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.പി. ഉമ്മർകോയയാണ് വിജയിച്ചത്. 1967ൽ മുസ്ലിം ലീഗിലെ എം. ചടയൻ വിജയിച്ചു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. 1977ൽ എം.പി.എം. അബ്ദുള്ള കുരിക്കൾ മഞ്ചേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1980ലും 82ലും സി.എച്ച്. മുഹമ്മദ്‌കോയ വിജയിച്ചു. പിന്നീട് തുടർച്ചയായി അഞ്ചുതവണ ഇസ്ഹാഖ് കുരിക്കൾ മഞ്ചേരിയെ പ്രതിനിധീകരിച്ച് സഭയിലെത്തി. 2001ൽ മണ്ഡലത്തിലെ റെക്കാഡ് ഭൂരിപക്ഷത്തിലാണ് ഇസ്ഹാഖ് കുരിക്കൾ വിജയിച്ചത്. 2006ൽ പി.കെ അബ്ദുറബ്ബും 2011ലും 2016ലും അഡ്വ.എം.ഉമ്മറും മഞ്ചേരിയുടെ ജനപ്രതിനിധികളായി.
2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ.അഹമ്മദിന് മഞ്ചേരി മണ്ഡലത്തിൽ നിന്ന് മാത്രം 64,677വോട്ടാണ് ലഭിച്ചത്. സി.പി.എം സ്ഥാനാർത്ഥിപി.കെ സൈനബയ്ക്ക് 38615, ബി.ജെ.പി സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശിന് 10656 വോട്ടും ലഭിച്ചു. 26,​062 വോട്ടിന്റെ ഭുരിപക്ഷം. ഇ.അഹമ്മദിന്റെ മരണത്തെതുടർന്ന് നടന്ന ഉപതിരഞ്ഞടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ വോട്ട് വർദ്ധിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 73,​870 വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സി.പി.എം സ്ഥാനാർത്ഥിയായിരുന്ന എം.ബി ഫൈസലിന് 51,​027വോട്ട് ലഭിച്ചു. മുൻവർഷത്തേക്കാൾ 12000ത്തോളംവോട്ട് അധികംനേടാൻ സി.പി.എമ്മിന് സാധിച്ചു. ബി.ജെ.പിക്ക് കാര്യമായ മാറ്റമുണ്ടായില്ല.

2016ൽ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. ലീഗ് സ്ഥാനാർത്ഥി അഡ്വ. എം.ഉമ്മറിന് 69,​779 വോട്ട് ലഭിച്ചു. സി.പി.ഐ സ്ഥാനാർത്ഥി അഡ്വ.കെ.മോഹൻദാസിന് 50,​163 വോട്ട് ലഭിച്ചു. 19,616 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന്‌ നേടാനായത്. ബി.ജെ. പി നില മെച്ചപ്പെടുത്തിയപ്പോൾ വെൽഫെയർ പാർട്ടിക്കും എസ്.ഡി.പി.ഐയ്ക്കും കൂടി 5000ത്തോളംവോട്ട് ലഭിച്ചു. എന്നാൽ 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 36,048 വോട്ടിന്റെ ഭൂരിപക്ഷമാണ് മഞ്ചേരി നൽകിയത്. 2017 ഉപതിരഞ്ഞെടുപ്പിനേക്കാൾ 13000ത്തോളംവോട്ട് അധികംനേടാനായി. ഈ ഭൂരിപക്ഷം നിയമസഭയിലേക്കും ലഭിക്കുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ മഞ്ചേരി നഗരസഭയിലടക്കം നടത്തിയ മെച്ചപ്പെട്ട പ്രകടനം മുതൽകൂട്ടാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.

സി.പി.ഐ സീറ്റ് മാറേണ്ടി വരുമോ

ലീഗിന്റെ സിറ്റിംഗ് എം.എൽ.എ എം. ഉമ്മറിന് പകരം പി.വി. അബ്ദുൾ വഹാബോ പി.കെ. ബഷീർ എം.എൽ.എയോ ലീഗ് സ്ഥാനാർത്ഥിയായേക്കാമെന്നാണ് ലീഗ് വൃത്തങ്ങളിൽ നിന്നും അറിയുന്നത്.

മഞ്ചേരി നഗരസഭയിൽ ഫലം കണ്ട പൊതുസ്വതന്ത്ര തന്ത്രം നിയമസഭയിലേക്കും പരീക്ഷിക്കാൻ സി.പി.എം ആലോചിക്കുന്നുണ്ട്.

നിലവിൽ സി.പി.ഐ മത്സരിക്കുന്ന സീറ്റിൽ സ്വതന്ത്രനെ മത്സരിപ്പിക്കുകയും സി.പി.ഐക്ക് പകരം കൊണ്ടോട്ടി മണ്ഡലം നൽകാനുമുള്ള ആലോചന സജീവമാണ്.

മണ്ഡലമാറ്റം നടപ്പാക്കാൻ സി.പി.ഐയിൽ നിന്നും അനുകൂല നിലപാട് ലഭിക്കേണ്ടതുണ്ട്. സീറ്റ് ലക്ഷ്യമിട്ട് ചില പ്രമുഖർ നിലവിൽ തന്നെ ചരടുവലികൾ ആരംഭിച്ചിട്ടുള്ള സ്ഥിതിക്ക് അതത്ര എളുപ്പമാവില്ല.

2016

അഡ്വ.എം ഉമ്മർ (മുസ് ലിം ലീഗ്) 69779
അഡ്വ.കെ.മോഹൻദാസ് (സി.പി.ഐ) 50163
ഭൂരിപക്ഷം 19616

2019 ലോക്സഭ

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 85579
വി.പി സാനു (സി.പി.എം) 49531
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 11595
ഭൂരിപക്ഷം 36048

2020 തദ്ദേശതെരഞ്ഞെടുപ്പ്‌വോട്ട് നില

യു.ഡി.എഫ് 89071
എൽ.ഡി.എഫ് 75166
എൻ.ഡി.എ 6556

തദ്ദേശസ്ഥാപന കക്ഷിനില

മഞ്ചേരി നഗരസഭ : യു.ഡി.എഫ് 28, എൽ.ഡിഎഫ് 20,
കീഴാറ്റൂർ : യു.ഡി.എഫ് 17 , എൽ.ഡി.എഫ് 2,
എടപ്പറ്റ : യു.ഡി.എഫ് 11 , എൽ.ഡി.എഫ് 4,
പാണ്ടിക്കാട് : യു.ഡി.എഫ് 15 , എൽ.ഡി.എഫ് 8,
തൃക്കലങ്ങോട് : യു.ഡി.എഫ് 15 , എൽ.ഡി.എഫ് 8,