ellukal

പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. വിശദ പരിശോധനയ്ക്കായി അവശിഷ്ടങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു.
ഉച്ചയോടെയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും എല്ലുകൾ കണ്ടെത്തിയത്. കലുങ്കിനോട് ചേർന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെല്ലിന് സ്റ്റീൽ ഇട്ട നിലയിലാണ്. ഏകദേശം ഒരു വർഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്റ്റീൽ കൂടി എല്ലിനൊപ്പം ലഭിച്ചതിനാൽ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഭാരതപ്പുഴയിൽ മുങ്ങിമരിച്ചയാളുടെ മൃതദേഹ അവശിഷ്ടമാണോ അതോ കൊല ചെയ്യപ്പെട്ടതാണോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പുഴയിൽ നിന്നും ലഭിച്ച എല്ലുകൾ വിശദ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു.