
മലപ്പുറം: വൈകാതെ നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് അണിയറ നീക്കങ്ങൾ ശക്തമാക്കി മുന്നണികൾ. ജില്ലയിൽ നാല് മണ്ഡലങ്ങളിൽ അഭിമാന പോരാട്ടമാവും നടക്കുക. ഇവിടങ്ങൾ നിലനിർത്തുകയും പിടിച്ചെടുക്കുകയുമാണ് മുന്നണികൾക്ക് മുന്നിലെ വലിയ ദൗത്യം. നിലവിൽ പന്ത്രണ്ടിടത്ത് യു.ഡി.എഫും നാലിടത്തം എൽ.ഡി.എഫുമാണ്. 2011ൽ യു.ഡി.എഫ് - 14, എൽ.ഡി.എഫ് - രണ്ട് എന്നിങ്ങനെ ആയിരുന്നു. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന നിലമ്പൂരും ലീഗിന്റെ താനൂരൂം സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. ഇത്തവണ പ്രധാന ശ്രദ്ധാകേന്ദ്രം ഈ രണ്ട് മണ്ഡലങ്ങളാവും. മന്ത്രി കെ.ടി ജലീലിന്റെ മണ്ഡലമായ തവനൂരിലും നേരിയ വോട്ടിന് യു.ഡി.എഫ് പിടിച്ചെടുത്ത പെരിന്തൽമണ്ണയിലും മത്സരം കനത്തേക്കും. ഇതു മുന്നിൽ കണ്ടുള്ള അണിയറ നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
പോര് കനപ്പിച്ച് നിലമ്പൂർ
കോൺഗ്രസിന്റെ കോട്ടയായ നിലമ്പൂരിലിപ്പോൾ പാറുന്നത് ചെങ്കൊടിയാണ്. ഇടതുസ്വതന്ത്രൻ പി.വി.അൻവർ വീണ്ടും മത്സരിക്കുമ്പോൾ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് യു.ഡി.എഫിലെ വികാരം. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 784 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ആര്യാടന്റെ തട്ടകമായി നിലമ്പൂർ മുനിസിപ്പാലിറ്റി ഇടത് പിടിച്ചെടുത്തപ്പോൾ രണ്ട് പഞ്ചായത്തുകളിലെ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രിനായി. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്. അതേമയം കോൺഗ്രസിനകത്തെ തർക്കങ്ങൾ ഈ രണ്ട് സ്ഥാനാർത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഉമ്മൻചാണ്ടി നേരിട്ടെത്തി ആര്യാടൻ മുഹമ്മദുമായി ചർച്ച നടത്തിയിട്ടുണ്ട്. ശക്തനായ മത്സരാർത്ഥിയെ രംഗത്തിറക്കിയില്ലെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാനാവില്ലെന്ന വിലയിരുത്തൽ യു.ഡി.എഫിനുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് ഫലം
2016 - പി.വി അൻവർ ( ഇടത് സ്വതന്ത്രൻ) - 77,858
ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്) - 66,354
ഭൂരിപക്ഷം - 11,504
2011
ആര്യാടൻ മുഹമ്മദ് ( കോൺഗ്രസ്) - 66,331
എം.തോമസ് മാത്യു ( ഇടത്) 60,733
ഭൂരിപക്ഷം - 5,598
വാഴുമോ വീഴുമോ താനൂരിൽ
മണ്ഡല രൂപീകരണം മുതൽ താനൂർ മുസ്‌ലിം ലീഗിനൊപ്പമായിരുന്നു. മൂന്നാംവട്ട അങ്കത്തിനിറങ്ങിയ ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിക്കെതിരെ ഇടതുസ്വതന്ത്രനായ വി.അബ്ദുറഹിമാൻ അട്ടിമറി വിജയം നേടി. 4,918 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫിനകത്തെ പടലപ്പിണക്കങ്ങളും ഇതിനൊപ്പം കോൺഗ്രസിൽ നിന്ന് വിഘടിച്ച പൊന്മുണ്ടം കോൺഗ്രുകാരുടെ പിന്തുണയും അബ്ദുറഹിമാനെ തുണച്ചു. പൊന്മുണ്ടം കോൺഗ്രിലെ പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വമിടപെട്ട് പരിഹരിച്ചിട്ടുണ്ട്. താനൂരിൽ മത്സരിക്കാനില്ലെന്ന് വി.അബ്ദുറഹിമാൻ സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തന്റെ മണ്ഡലമായ തിരൂരിലേക്ക് മാറാനാണ് താത്പര്യം. യു.ഡി.എഫിനായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.തദ്ദേശ തിരഞ്ഞെടുപ്പിൽ താനൂരിൽ യു.ഡി.എഫിന് 19,510 വോട്ടിന്റെ മുൻതൂക്കമുണ്ട്.
2016
വി.അബ്ദുറഹിമാൻ ( ഇടതുസ്വതന്ത്രൻ) 64,472
അബ്ദുറഹിമാൻ രണ്ടത്താണി( ലീഗ് ) - 59,554
ഭൂരിപക്ഷം 4,918
2011
അബ്ദുറഹിമാൻ രണ്ടത്താണി ( ലീഗ് ) - 51,549
ഇ.ജയൻ (സി.പി.എം) - 42,116
ഭൂരിപക്ഷം - 9,433
ചാഞ്ചാടി പെരിന്തൽമണ്ണ
എൽ.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള നിയോജക മണ്ഡലമാണ് പെരിന്തൽമണ്ണ. 1957 ൽ പി.ഗോവിന്ദൻ നമ്പ്യാരിലൂടെ തുടക്കമിട്ട ഇടത് മുന്നേറ്റം 60ലും 67ലും ആവർത്തിച്ചു. പാലോളി മുഹമ്മദ് കുട്ടിക്ക് ശേഷം 70 മുതൽ 2001 വരെ ലീഗിനൊപ്പമായി മണ്ഡലം. 80 മുതൽ 2001 വരെ ലീഗിലെ എൻ.സൂപ്പിയായിരുന്നു എം.എൽ.എ. 2006ൽ വി.ശശികുമാറിലൂടെ സി.പി.എം അട്ടിമറി വിജയം നേടി. 2011ലും 16ലും മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് തിരിച്ചുപിടിച്ചു. ഇത്തവണ പെരിന്തൽമണ്ണയിൽ മത്സരത്തിനില്ലെന്ന് മഞ്ഞളാംകുഴി അലി വ്യക്തമാക്കിയിട്ടുണ്ട്. മങ്കടയിലാണ് നോട്ടം. പ്രാദേശിക നേതൃത്വത്തിന്റെ താത്പര്യമില്ലായ്മയാണ് തടസ്സം. 579 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ മികച്ച സ്ഥാനാർത്ഥിയാണ് സി.പി.എം ലക്ഷ്യമിടുന്നത്. മുൻനഗരസഭ ചെയർമാനായ മുഹമ്മദ് സലീമും പരിഗണനാ പട്ടികയിലുണ്ട്. ചെയർമാനെന്ന നിലയിലെ മികച്ച പ്രകടനമാണ് സലീമിന് തുണയാവുന്നത്. എം.എസ്.എഫ് ദേശീയ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ടി.പി.അഷ്റഫലി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരുടെ പേരുകളാണ് ലീഗിൽ പരിഗണനയിൽ. ടി.പി.അഷ്റഫലി ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 23,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 3,067 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. ആഞ്ഞുപിടിച്ചാൽ ഏതുഭാഗത്തേക്കും പോരാമെന്നതിലാണ് ഇരുമുന്നണികളുടെയും പ്രതീക്ഷയും ആശങ്കയും.
നിയമസഭ
2016
മഞ്ഞളാംകുഴി അലി (ലീഗ് ) 70,990
വി.ശശികുമാർ (സി.പി.എം) 70,411
ഭൂരിപക്ഷം - 579
2011
മഞ്ഞളാംകുഴി അലി ( ലീഗ്) 69,730
വി.ശശികുമാർ (സി.പി.എം) 60,141
ഭൂരിപക്ഷം - 9,589
എത്തുമോ പൊതുസ്വതന്ത്രൻ
മുസ്‌ലിം ലീഗിന്റെ കണ്ണിലെ കരടാണ് മന്ത്രി കെ.ടി. ജലീൽ. ഇടതുപക്ഷത്തിന് മലപ്പുറത്തെ സുൽത്താനും. കോൺഗ്രസിന്റെ കൈവശമുള്ള തവനൂരിൽ പൊതുസ്വതന്ത്രനെ നിർത്തണമെന്നാണ് യു.ഡി.എഫിന്റെ പൊതുവികാരം. കോൺഗ്രസിനേക്കാൾ ലീഗിന് സ്വാധീനമുള്ള മണ്ഡലമാണിത്. ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പലിനെ കൊണ്ടുവരാൻ യു.ഡി.എഫ് ശ്രമിച്ചെങ്കിലും നടന്നില്ല. തവനൂർ ലീഗ് ഏറ്റെടുത്ത് പകരം വള്ളിക്കുന്നോ, ഏറനാടോ തിരിച്ചുതരണമെന്ന ആവശ്യം കോൺഗ്രസുയർത്തിയിരുന്നു. നിലമ്പൂർ സിറ്റീൽ നോട്ടമിട്ട ആര്യാടൻ ഷൗക്കത്തിനെ അനുനയിപ്പിക്കാനായിരുന്നു ഈ നീക്കം. സുരക്ഷിതമായ സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കാൻ ലീഗും തയ്യാറല്ല. ജില്ലയിൽ എൽ.ഡി.എഫ് പയറ്റുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിനാണ് ഇപ്പോഴും തവനൂരിൽ യു.ഡി.എഫ് മുൻതൂക്കമേകുന്നത്. മണ്ഡലത്തിന് സുപരിചിതനായ വ്യക്തിയെ പൊതുസ്വതന്ത്രനായി കൊണ്ടുവരാനാവുമോ എന്നാണ് നോട്ടം. ഇടതിനായി കെ.ടി. ജലീൽ തന്നെ മത്സരരംഗത്തിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിൽ 6,110 വോട്ടിന്റെ മുൻതൂക്കം ഇടതിനുണ്ട്.
2016
കെ.ടി.ജലീൽ (ഇടതുസ്വതന്ത്രൻ) 68,179
ഇഫ്ത്തിഖാറുദ്ദീൻ ( കോൺഗ്രസ് ) 51,115
ഭൂരിപക്ഷം 17,066
2011
കെ.ടി.ജലീൽ (ഇടതുസ്വതന്ത്രൻ) 57,729
വി.വി.പ്രകാശ് - ( കോൺഗ്രസ് ) 50,875
ഭൂരിപക്ഷം - 6,854