
മലപ്പുറം: പാലാ സീറ്റുമായി ബന്ധപ്പെട്ട് വിവാദം കനക്കുമ്പോൾ ജില്ലയിലെ ഏക സീറ്റായ കോട്ടയ്ക്കലിൽ വാഹന പ്രചാരണ ജാഥയ്ക്കൊരുങ്ങി എൻ.സി.പി. പാലാ സീറ്റ് വിട്ടുകൊടുത്തില്ലെങ്കിലും ഇടതിനൊപ്പം ഉറച്ചുനിൽക്കുമെന്ന സന്ദേശമേകിയാണ് എൻ.സി.പി ദേശീയ സെക്രട്ടറിയായ എൻ.എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 17,18,19 തീയതികളിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണ ജാഥ നടത്തുന്നത്. 16ന് വൈകിട്ട് പൊന്മള പള്ളിപ്പടിയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ഫ്ളാഗ് ഓഫ് നിർവഹിക്കും. എൽ.ഡി.എഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പേ മണ്ഡലത്തിൽ സജീവമാകാനാണ് എൻ.സി.പിയുടെ നീക്കം.
കഴിഞ്ഞ തവണ മത്സരിച്ച വ്യവസായി കൂടിയായ എൻ.എ മുഹമ്മദ് കുട്ടി തന്നെ സ്ഥാനാർത്ഥിയാവും. ലീഗിന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ എൻ.എ. മുഹമ്മദ് കുട്ടിക്കായിരുന്നു. ലീഗിന്റെ ആബിദ് ഹുസൈൻ തങ്ങൾ 71,768 വോട്ട് നേടിയപ്പോൾ 56,726 വോട്ടാണ് മുഹമ്മദ് കുട്ടിക്ക് ലഭിച്ചത്. 15,042 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന്. 2011ലിത് 35,902 വോട്ടായിരുന്നു. 2011ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് പത്ത് ശതമാനം വോട്ട് കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് ഒമ്പത് ശതമാനം വോട്ട് കൂടി. ബി.ജെ.പിയുടെ വോട്ടും മൂന്ന് ശതമാനത്തോളം വർദ്ധിച്ചു. ശക്തമായ മത്സരത്തിലൂടെ പോളിംഗ് ശതമാനമുയർത്താനുമായി. 2011ൽ എൻ.സി.പി ജനറൽ സെക്രട്ടറി സി.പി.കെ. ഗുരുക്കളായിരുന്നു സ്ഥാനാർത്ഥി. 33,815 വോട്ടാണ് ലഭിച്ചത്. ലീഗിനായി മത്സരിച്ച അബ്ദുസമദ് സമദാനി 69,717 വോട്ടും നേടി. മുൻകൂട്ടിയുള്ള ചിട്ടയായ തിരഞ്ഞെടുപ്പിലൂടെ മത്സരം കനപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് എൻ.സി.പി നേതൃത്വം.
കുതിക്കുന്ന കേരളവും കിതയ്ക്കുന്ന കോട്ടയ്ക്കലും എന്ന പേരിലാണ് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥയും അഴിമതി ആരോപണങ്ങളും ചർച്ചയാക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കെ.ഗുരുക്കൾ പറഞ്ഞു. ലീഗിന്റെ സിറ്റിംഗ് എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലം മാറിയേക്കും. മണ്ഡലത്തിൽ നിന്നുള്ളയാളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
പാർട്ടിയിൽ നിന്ന് പുറത്തുപോവണോ വേണ്ടയോ എന്നത് മാണി സി കാപ്പന്റെ തീരുമാനമാണ്. എൽ.ഡി.എഫിൽ ഉറച്ചുനിൽക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
എൻ.എ. മുഹമ്മദ് കുട്ടി, എൻ.സി.പി ദേശീയ സെക്രട്ടറി