fdff

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നാഴ്ച്ചയിൽ താഴെ മാത്രം അവശേഷിക്കേ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 58 ശതമാനം തുക മാത്രം. സംസ്ഥാനത്ത് പത്താംസ്ഥാനത്താണ് ജില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് വികസന ഫണ്ടുകൾ യഥാസമയം ചെലവഴിക്കുന്നതിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പിന്നാക്കം പോയി. 2020-21 വർഷത്തേക്കായി 701.03 കോടി രൂപ വകയിരുത്തിയപ്പോൾ ഇന്നലെ വരെ ചെലവഴിച്ചത് 407.66 കോടി രൂപ. തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നത് മലപ്പുറത്താണ്. 943.76 കോടി രൂപയിൽ 497.68 കോടി രൂപ മാത്രം ചെലവഴിച്ച് സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് തിരുവനന്തപുരം. കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകളാണ് മലപ്പുറത്തിന് പിന്നിലുള്ളത്. പാലക്കാടും പത്തനംതിട്ടയുമാണ് മുന്നിൽ. കൊവിഡ് പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും പിന്നാലെ എത്തിയ തദ്ദേശ തിരഞ്ഞെടുപ്പും പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഭരണസമിതികളും ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിക്കാതിരുന്ന തദ്ദേശസ്ഥാപനങ്ങളാണ് ഏറെ പിന്നിലുള്ളത്. ഇനി എണ്ണപ്പെട്ട ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ കോടികളുടെ തുക പാഴാവാനാണ് സാദ്ധ്യത.
വികസന തുക ചെലവഴിക്കുന്നതിൽ തൃക്കലങ്ങോട് പഞ്ചായത്താണ് ജില്ലയിൽ മുന്നിലുള്ളത്. 82.47 ശതമാനം തുക ചെലവഴിച്ചു. 81.79 ശതമാനവുമായി പുലാമന്തോളാണ് രണ്ടാംസ്ഥാനത്ത്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തും 80 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. 21 പഞ്ചായത്തുകൾ 70 ശതമാനത്തിന് മുകളിൽ പദ്ധതി തുക ചെലവഴിച്ചു. ഇതിൽ തന്നെ കാളികാവ്, എടപ്പറ്റ, വേങ്ങര, കോഡൂർ, അങ്ങാടിപ്പുറം, വട്ടംകുളം, കൂട്ടിലങ്ങാടി, നന്നംമുക്ക്, ചാലിയാർ, തൃപ്പങ്ങോട്, എടയൂർ പഞ്ചായത്തുകളാണ് മുന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ വണ്ടൂർ കഴിഞ്ഞാൽ മലപ്പുറമാണ് മുന്നിലുള്ളത്. 75.82 ശതമാനം തുകയും ചെലവഴിച്ചു. കൽപ്പകഞ്ചേരി, ചേലേമ്പ്ര, ചെറുകാവ്, എടരിക്കോട്, പള്ളിക്കൽ പഞ്ചായത്തുകൾ 50 ശതമാനത്തിൽ താഴെ മാത്രമാണ് തുക ചെലവഴിച്ചത്.


പിന്നിൽ നഗരസഭകൾ
വികസന ഫണ്ടുകൾ ചെലവഴിക്കുന്നതിൽ നഗരസഭകളാണ് ജില്ലയിൽ ഏറ്റവും പിറകിൽ. മലപ്പുറം നഗരസഭയാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിൽ. 10.94 ശതമാനം തുകയാണ് വിനിയോഗിച്ചത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയാണ് ഫണ്ട് ചെലവഴിച്ചതിൽ മുന്നിൽ. 67.46 ശതമാനം തുക വിനിയോഗിച്ചു. തൊട്ടുപിന്നിൽ 61.74 ശതമാനവുമായി പരപ്പനങ്ങാടിയും. താനൂർ - 59, മഞ്ചേരി - 56.69, കോട്ടയ്ക്കൽ - 55.36, പൊന്നാനി- 52.69 എന്നിങ്ങനെ ശതമാനമാണ് മറ്റിടങ്ങളിലെ ചെലവ്. തിരൂർ, നിലമ്പൂർ മുനിസിപ്പാലിറ്റികൾ 50 ശതമാനത്തിൽ താഴെയാണ് ചെലവഴിച്ചത്.