vvvv

പെരിന്തൽമണ്ണ: ഇത്തവണ പെരിന്തൽമണ്ണ മണ്ഡലം കാത്തിരിക്കുന്നത്
ഇഞ്ചോടിഞ്ച് പോരാട്ടം. മണ്‌ഡലം പിടിക്കാൻ രണ്ടും കൽപ്പിച്ച് ഇടതുമുന്നണിയിറങ്ങുമ്പോൾ മണ്ഡലത്തിലെ മേൽക്കോയ്മ നിലനിറുത്താനുള്ള അഭിമാനപോരാട്ടത്തിനൊരുങ്ങുകയാണ് ലീഗ്.
1970ന് ശേഷം പെരിന്തൽമണ്ണയിൽ നിന്ന് ഒരുതവണ മാത്രമാണ് ഇടതു സ്ഥാനാർത്ഥി വിജയിച്ചത്. 2006ൽ വി. ശശികുമാറിലൂടെയായിരുന്നു അത്. 1957ൽ സി.പി.ഐയിലെ പി. ഗോവിന്ദൻ നമ്പ്യാരും 1960ൽ ഇ.പി ഗോപാലനും വിജയിച്ച മണ്ഡലത്തിൽ 1967ൽ സി.പി.എമ്മിലെ പി.എം കുട്ടിയും വിജയം സ്വന്തമാക്കി. പിന്നീട് മുസ്ലിം ലീഗിന്റെ കുത്തകയായി മണ്ഡലം. 1970, 1977 വർഷങ്ങളിൽ കെ.കെ.എസ് തങ്ങളും 1980, 1982, 1987, 1991, 1996, 2001 വർഷങ്ങളിലായി ആറുതവണ നാലകത്ത് സൂപ്പിയും വിജയിച്ച മണ്ഡലം 2006ൽ പി. അബ്ദുൾ ഹമീദിനെ തോൽപ്പിച്ച് വി.ശശികുമാർ തിരിച്ചുപിടിച്ചു. എന്നാൽ 2011ൽ സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചെത്തിയ മഞ്ഞളാംകുഴി അലിയെ മങ്കടയ്ക്കു പകരം പെരിന്തൽമണ്ണയിലിറക്കി ലീഗ് ഇരുമണ്ഡലങ്ങളും തങ്ങളുടെ പോക്കറ്റിലാക്കി. ശശികുമാറിനെ പരാജയപ്പെടുത്തിയാണ് മഞ്ഞളാംകുഴി അലി മണ്ഡലം തിരിച്ചുപിടിച്ചത്. 9589 വോട്ടിന്റെ ലീഡ് നേടി. 2016ലെ തിരഞ്ഞെടുപ്പിൽ ശശികുമാറിലൂടെ സി.പി.എം വീണ്ടും ശക്തമായ പോരാട്ടം കാഴ്ചവച്ചപ്പോൾ 579 വോട്ടിന്റെ

മാത്രം ഭൂരിപക്ഷത്തിനാണ് അലിക്ക് ജയിച്ചു കയറാനായത്.

ഇടതിന് പുതുമുഖമോ

ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ തന്നെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. വി. ശശികുമാർ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവാനിടയില്ല. പാർട്ടി ഏൽപ്പിച്ച മറ്റ് ഉത്തരവാദിത്വങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ചെയർമാനായി ഭരണമികവ് തെളിയിച്ച എം മുഹമ്മദ് സലീമിന്റെ പേരാണ് നിലവിൽ പാർട്ടി പരിഗണിക്കുന്നത്.
പുലാമന്തോൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

അലിയില്ലെങ്കിൽ ആര്?​

മഞ്ഞളാകുഴി അലി ഇത്തവണ പെരിന്തൽമണ്ണയിൽ മത്സരിക്കാനിറങ്ങിയേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി,​ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. അഷ്റഫലി മണ്‌ഡലത്തിൽ ഇതിനകം സജീവമായിട്ടുണ്ട്. ഒടുവിൽ അലിയിലേക്ക് തന്നെ പാർട്ടി എത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അലി മത്സരിക്കില്ലെന്നും മങ്കടയിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെന്നും ഉള്ള അഭ്യൂഹങ്ങൾ ശക്തമാണ്. തന്നെ വളർത്തിയ പെരിന്തൽമണ്ണയും ജന്മനാടായ മങ്കടയും ഒരു പോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്നും പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും മഞ്ഞളാംകുഴി അലി കേരളകൗമുദിയോട് പറഞ്ഞു.

പ്രതീക്ഷ തദ്ദേശഫലം

ഇത്തവണ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ ലഭിച്ച 267 വോട്ടിന്റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് പ്രതീക്ഷയേകുന്നത്. ഏഴ് തദ്ദേശസ്ഥാപനങ്ങളിൽ നാലിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ. പെരിന്തൽമണ്ണ നഗരസഭ, പുലാമന്തോൾ, താഴേക്കോട്, മേലാറ്റൂർ പഞ്ചായത്തുകളാണ് ഇടതിനൊപ്പം. ഏലംകുളം, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യു.ഡി.എഫും അധിപത്യം പുലർത്തുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് 2016


മഞ്ഞളാംകുഴി അലി 70,990

വി.ശശികുമാർ 70,411

അഡ്വ. എം.കെ. സുനിൽ 5,917

ഭൂരിപക്ഷം 579