
നിലമ്പൂർ: ആറും നാലും വയസ് പ്രായമുള്ള കുട്ടികളെ മുറിയിൽ പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ പിതാവ് തമിഴ്നാട് കടലൂർ സ്വദേശി തങ്കരാജനെയും രണ്ടാനമ്മ മാരിയമ്മയെയും പൊലീസ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ഭക്ഷണമില്ലാതെയും പരിക്കുകളോടെയും അവശരായ നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയ കുട്ടികളെ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പൊലീസെത്തി മോചിപ്പിക്കുകയായിരുന്നു. കുട്ടികളെ പൂട്ടിയിട്ടാണ് ദമ്പതികൾ ദിവസവും ജോലിക്ക് പോയിരുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഡിസ്ചാർജ്ജ് ചെയ്ത ശേഷം ഒരാഴ്ച്ച മഞ്ചേരി മെഡിക്കൽ കോളേജിൽ തുടർചികിത്സ നൽകും. ആന്തരികമായ പരിക്കുണ്ടോ എന്നറിയാൻ സി.ടി.സ്‌കാൻ നടത്തും. വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ താത്പര്യം പരിഗണിച്ച് മലപ്പുറം കോഡൂരിലെ ശിശുഭവനിലേക്ക് മാറ്റുമെന്നും കളക്ടർ പറഞ്ഞു. കുട്ടികളെ അദ്ദേഹം ആശുപത്രിയിലെത്തി കണ്ടു.