
വട്ടപ്പാറ കൊടുംവളവിനെ അപകടരഹിതമാക്കാൻ ഇനിയും എത്ര ജീവൻ പൊലിയേണ്ടി വരും ?. നാടും നാട്ടുകാരും ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന വളവായി വട്ടപ്പാറ മാറിയിട്ടുണ്ട്. ദേശീയപാത 66ലൂടെ തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് വട്ടപ്പാറ വളവിനെ മറികടക്കാതെ യാത്ര ചെയ്യാനാവില്ല. വട്ടപ്പാറയെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഇതര സംസ്ഥാന ലോറിക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. ഇതിനൊപ്പം കൊച്ചിയിലേക്ക് പോവുന്ന ഗ്യാസ് ടാങ്കറുകളും അപകടത്തിൽപ്പെടുന്നുണ്ട് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. രണ്ടാഴ്ച്ചക്കിടെ മാത്രം മൂന്നുപേരുടെ ജീവനെടുത്തു വട്ടപ്പാറ വളവ് . ജനുവരി മുതൽ ഇതുവരെ ചെറുതും വലുതുമായ നിരവധി അപകടങ്ങളിലായി 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വട്ടപ്പാറ ഏറെക്കാലമായി അപകടകേന്ദ്രമായിട്ടും ഇതിന് പരിഹാരം കാണാൻ ദേശീയപാത അതോറ്റിക്കോ സംസ്ഥാന സർക്കാരിനോ കഴിഞ്ഞിട്ടില്ല. റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും അശാസ്ത്രീയ നിർമ്മാണവുമാണ് പ്രധാന വില്ലൻ. അടുത്തടുത്തായി വളവുകളും കുത്തനെ ഇറക്കവുമുള്ള സ്ഥലങ്ങളിൽ ക്രമപ്പെടുത്തേണ്ട പ്രതലചരിവിലെ അശാസ്ത്രീയത വട്ടപ്പാറയെ കുരുതിക്കളമാക്കുന്നു. വടപ്പാറയിൽ അരക്കിലോമീറ്ററിനിടെ നാല് കൊടുംവളവുകളുണ്ട്. ഇതിൽത്തന്നെ നാലാമത്തെ ഹെയർപിൻ വളവിലാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഇവിടെ റോഡിന്റെ ചരിവിൽ അപാകതയുണ്ടെന്ന് നേരത്തെ തന്നെ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഭാഗത്ത് റോഡരികിന് 30 അടി താഴ്ചയാണ്. കരിങ്കല്ലിൽ തീർത്ത രക്ഷാഭിത്തി തകരുന്നതോടെ ഈ താഴ്ചയിലേക്കാണ് വാഹനം വീഴുക. ഇതോടെ അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതും അപൂർവമാണ്. അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾ പൂർണമായും തകരാറാണ് പതിവ്. പലപ്പോഴും ആളുകളെ പുറത്തെടുക്കാൻ മണിക്കൂറുകളോളം പരിശ്രമിക്കേണ്ടി വരാറുണ്ട്.
ഗ്യാസ് ടാങ്കറുകൾ അപകടത്തിൽപ്പെടുമ്പോൾ കിലോമീറ്ററുകളോളം ചുറ്റളവിലുള്ളവർ വീടൊഴിഞ്ഞ് സുരക്ഷിത സ്ഥലത്തേക്ക് ഓടേണ്ടി വരും. കിടക്കയിൽ നിന്ന് എണീറ്റ് ഓടിയ നിരവധി അനുഭവങ്ങൾ വട്ടപ്പാറക്കാർക്ക് പറയാനുണ്ട്. ഭാഗ്യത്തിനാണ് പലപ്പോഴും വലിയ ചോർച്ച ഉണ്ടാവാത്തത്. മിക്കപ്പോഴും സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നതും നാട്ടുകാരാണ്. വട്ടപ്പാറയ്ക്ക് സമീപത്തൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തതിനാൽ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജീവനുകൾ രക്ഷിക്കാൻ നാട്ടുകാർ തന്നെ ആദ്യം രംഗത്തിറങ്ങുകയാണ് ചെയ്യാറുള്ളത്. പലപ്പോഴും അപകടവിവരം അറിയിച്ച് ഒരു മണിക്കൂറോളമെടുക്കും ഫയർഫോഴ്സിന് സ്ഥലത്തെത്താൻ. വട്ടപ്പാറയിൽ അപകടങ്ങൾ സ്ഥിരമായതോടെ പ്രധാനവളവിന് സമീപത്തെ വീടുകളിൽ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട്.
അനങ്ങാതെ അധികൃതർ
വട്ടപ്പാറ വളവിലെ സിഗ്നൽ ലൈറ്റുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത്രയധികം അപകടങ്ങൾ നടക്കുന്ന വളവായിട്ടും ഇതു ശരിയാക്കാനുള്ള നടപടി അധികൃതർ കൈകൊണ്ടിട്ടില്ല. വാഹനങ്ങളുടെ കാഴ്ച മറയ്ക്കും വിധത്തിൽ പുൽക്കാടുകളും വളർന്ന് പന്തലിച്ചിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം അപകടസൂചനാ ബോർഡുകൾ അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. നിയന്ത്രണം വിടുന്ന വാഹനങ്ങളെ തടയാൻ റോഡരികിൽ 55 മീറ്റർ നീളത്തിൽ സുരക്ഷാഭിത്തി കെട്ടിയിരുന്നെങ്കിലും പല അപകടങ്ങളിലായി ഇതു പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. അപകട വളവ് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനായി വട്ടപ്പാറ വളവ് തുടങ്ങുന്നതിന് മുമ്പ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. അർദ്ധരാത്രി ഇതുവഴി കടന്നുപോവുന്ന ചരക്കുവാഹനങ്ങൾ എയ്ഡ് പോസ്റ്റിൽ നിറുത്തണമെന്നാണ് നിബന്ധനയെങ്കിലും ഇക്കാര്യം പല ഡ്രൈവർമാർക്കും അറിയില്ല. ഉറക്കച്ചടവ് മാറ്റുന്നതിനായി ഡ്രൈവർമാർക്ക് കട്ടൻചായ കൊടുക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും യഥാവിധി പ്രവർത്തിക്കാത്തതിനാൽ അപകടങ്ങൾക്ക് തടയിടാനാവുന്നില്ല.
എന്നുവരും ബൈപ്പാസ്
വട്ടപ്പാറ വളവിനെ ഒഴിവാക്കി ദേശീയപാതയിലൂടെ സഞ്ചരിക്കാൻ കഴിയണമെങ്കിൽ നിർദ്ദിഷ്ട കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവേണ്ടതുണ്ട്. ബൈപ്പാസിന്റെ നിർമ്മാണം കാലങ്ങളായി ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോവുന്നത്. തൃശൂർ , കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് കഞ്ഞിപ്പുരയിൽ നിന്ന് അമ്പലപ്പറമ്പ് കാർത്തല ചുങ്കം വഴി മൂടാലിൽ ചേരുന്ന ബൈപ്പാസിലൂടെ യാത്ര ചെയ്യുമ്പോൾ ദൂരം എട്ട് കിലോമീറ്റർ കുറയും. പണി തുടങ്ങി വൈകാതെ തന്നെ കരാറുകാരൻ പിന്മാറിയത് ആദ്യം തിരിച്ചടിയായി. പുതിയ കരാർ നൽകി പണി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഇഴഞ്ഞുതന്നെയാണ് നീങ്ങുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണിത്.
ഫയർസ്റ്റേഷൻ സ്ഥാപിക്കണം
വട്ടപ്പാപ്പാറയിൽ അപകടങ്ങൾ പതിവായിട്ടും വളാഞ്ചേരിയിൽ ഫയർസ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം രണ്ട് പതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. അഞ്ചുവർഷത്തിനിടെ വട്ടപ്പാറയിൽ 400 ലധികം അപകടങ്ങളും 34 പേർക്ക് ജീവഹാനിയുമുണ്ടായി. ഈ മാസം രണ്ട് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. കമ്പിയുമായി പോവുകയായിരുന്ന ലോറി പ്രധാന വളവിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറും മലമ്പുഴ സ്വദേശിയായ ക്ലീനറും മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. സംഭവമറിഞ്ഞ് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമാണ് ഫയർഫോഴ്സെത്തിയത്. വട്ടപ്പാറയിലേക്കെത്താൻ മുക്കാൽ മണിക്കൂറോളമെടുക്കും.
ഫയർസ്റ്റേഷനായി രണ്ടുവർഷം മുമ്പ് 50 സെന്റ് സ്ഥലവും 2020 - 21 ബഡ്ജറ്റിൽ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെട്ടിടനിർമ്മാണ ടെൻഡറിനായി 3.5 കോടിയുടെ പ്രപ്പോസൽ ഫയർഫോഴ്സ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. സർക്കാരിൽ നിന്ന് തുക അനുവദിച്ച് കിട്ടാത്തതാണ് പ്രശ്നം. താത്കാലിക കെട്ടിടം ഒരുക്കിയെങ്കിലും ഫയർ സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം അധികൃതർ ചെവികൊള്ളുന്നുമില്ല. അധികൃതർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വട്ടപ്പാറയിൽ ജീവനുകൾ പൊലിയുന്നത് ആവർത്തിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.