
പരപ്പനങ്ങാടി: മുസ്ലിംലീഗിന്റെ ഉറച്ച മണ്ഡലമായ തിരൂരങ്ങാടിയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ സംഭവബഹുലമായിരുന്നു. പരപ്പനങ്ങാടിക്കാരായ പി.കെ. അബ്ദുറബ്ബും നിയാസ് പുളിക്കലകത്തും തമ്മിൽ നടന്ന പോരാട്ടം ട്വന്റി ട്വന്റി മത്സരത്തിന്റെ ആവേശം സമ്മാനിച്ചു. വോട്ടെണ്ണലിൽ ലീഡ് നില നിരന്തരം മാറിമറിഞ്ഞു. 2011ൽ 30,208 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അബ്ദുറബ്ബ് 6,043 വോട്ടിന്റെ ഭൂരിപക്ഷത്തിന് രക്ഷപ്പെടുകയായിരുന്നു.
ഇത്തവണ മണ്ഡലം പിടിച്ചെടുക്കുകയാണ് ഇടതിന്റെ ലക്ഷ്യമെങ്കിൽ പഴയ പ്രതാപം തിരിച്ചുപിടിക്കുംവിധം ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടുതവണയും തിരൂരങ്ങാടിയെ പ്രതിനിധീകരിച്ച പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന. എങ്കിലും അവസാനനിമിഷം വീണ്ടും അദ്ദേഹമെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പി.എം.എ. സലാമിന്റെ പേരാണ് തിരൂരങ്ങാടിയിൽ പരിഗണിക്കപ്പെടുന്നവരിൽ പ്രധാനം. യുവനിരയിലെ ചിലരുടെ പേരും പ്രചരിക്കുന്നുണ്ട്. അതേസമയം, പി.കെ. കുഞ്ഞാലിക്കുട്ടിയോ മുനീറോ പോലെ ശക്തരായ ആരെങ്കിലും തിരൂരങ്ങാടിയിലെത്തണമെന്ന് ആവശ്യം അണികളിൽ നിന്നുയരുന്നുണ്ട്. കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും സിഡ്കോ ചെയർമാനുമായ പരപ്പനങ്ങാടി സ്വദേശി നിയാസ് പുളിക്കലകത്ത് ഇത്തവണ മത്സരിക്കാനില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാൽ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാവുമെന്നാണ് നിയാസിന്റെ നിലപാട്.
കോൺഗ്രസ് ഇത്തവണ മാറ്റിക്കുത്തില്ല
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ പിന്തുണ നിയാസിന് ലഭിച്ചിരുന്നു. പി.കെ.അബ്ദുറബ്ബിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കുന്നതിൽ ഇത് നിർണ്ണായക ഘടകമായി. പരപ്പനങ്ങാടി നഗരസഭയിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്ത് 3,000ത്തിലേറെ വോട്ടുകൾക്ക് പിന്നിലായ സാഹചര്യമുണ്ടായി. ആറ് പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ തെന്നല, നന്നമ്പ്ര പഞ്ചായത്തുകളിലെ ഭൂരിപക്ഷം കൊണ്ടാണ് അബ്ദുറബ്ബ് രക്ഷപ്പെട്ടത്. എന്നാൽ ഇത്തവണ ഈ സാഹചര്യമില്ല. യു.ഡി.എഫിനകത്ത് ഐക്യം ശക്തമായിട്ടുണ്ട്. എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ച കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പാളയത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 45 സീറ്റുള്ള പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ 29 സീറ്റും നേടി യു.ഡി.എഫ് ഭരണം നിലനിറുത്തിയിട്ടുണ്ട്. ജനകീയമുന്നണിയുടെ ബാനറിൽ തന്നെയായിരുന്നു ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.
ഉരുക്കുകോട്ട
മണ്ഡല രൂപീകരണ കാലം മുതൽ യു.ഡി.എഫിനെ മാത്രം തുണച്ച ചരിത്രമാണ് തിരൂരങ്ങാടിക്ക്. 1995ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയെയും മണ്ഡലം തുണച്ചു. 1957 മുതൽ 1965 വരെയും 1970 മുതൽ 87 വരെയും ലീഗിന്റെ സമുന്നത നേതാവായിരുന്ന കെ.അവുക്കാദർ കുട്ടി നഹ ആയിരുന്നു മണ്ഡലത്തിന്റെ സാരഥി. 1967-70 കാലയളവിൽ എ.കെ.എൻ ലാജി, 1987 - 91 സി.പി.കുഞ്ഞാലിക്കുട്ടി കേയി, 1991- 95 വി.എ. ബീരാൻ, 1995 - 96 കാലയളവിൽ എ.കെ. ആന്റണി, 1996 മുതൽ 2011 വരെ കുട്ടി അഹമ്മദ് കുട്ടി, 2011 മുതൽ ഇതുവരെ പി.കെ.അബ്ദുറബ്ബ് എന്നിവരാണ് മണ്ഡലത്തെ നയിച്ചത്.
നിയമസഭ 2016
പി.കെ.അബ്ദുറബ്ബ് ( ലീഗ്) - 62,927
നിയാസ് പുളിക്കലകത്ത് ( സി.പി.എം സ്വതന്ത്രൻ) - 56,884
പി.വി.ഗീതാമാധവൻ ( ബി.ജെ.പി) - 8,046
ഭൂരിപക്ഷം - 6,043
നിയമസഭ 2011
പി.കെ.അബ്ദുറബ്ബ് ( ലീഗ്) - 58,666
കെ.കെ. അബ്ദുസ്സമദ് ( സി.പി.ഐ) - 28,458
ശശീന്ദ്രൻ പുന്നശ്ശേരി ( ബി.ജെ.പി) 5,480
ഭൂരിപക്ഷം - 30,208
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഒട്ടനവധി വികസന പ്രവൃത്തികളും പൂർത്തിയാക്കാൻ കഴിഞ്ഞു. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ വിരോധംവച്ച് പണം അനുവദിക്കാതെ മുടങ്ങി കിടക്കുകയാണ്. പരപ്പനങ്ങാടിയുടെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുന്ന ഐ.ഐ.എസ്.ടി പദ്ധതി ഇതിനുദാഹരണമാണ്.
പി.കെ.അബ്ദുറബ്ബ്, എം.എൽ.എ
അടിസ്ഥാന വികസനങ്ങളൊന്നും തന്നെ നടപ്പാക്കാൻ എം.എൽ.എയ്ക്കു കഴിഞ്ഞിട്ടില്ല. ഹെക്ടർ കണക്കിന് വരുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുത്തു വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കാനുള്ള ഒരു നടപടിയും എം.എൽ.എ സ്വീകരിച്ചിട്ടില്ല. പുത്തൻപീടിക അടിപ്പാതയുടെ അപ്രോച്ച് റോഡിനു വേണ്ടിയും ഒന്നും ചെയ്യാൻ സാധിച്ചിച്ചിട്ടില്ല.
നിയാസ് പുളിക്കലകത്ത്