car

വളാഞ്ചേരി: കൊവിഡ് കാലത്തെ വിരസതമാറ്റാൻ യൂ ട്യൂബിൽ സെർച്ച് ചെയ്യുമ്പോഴാണ് പതിന്നാലുകാരൻ മുഹമ്മദ് ഷാനിദിന്റെ മനസിലേക്ക് ഓഫ്‌ റോഡ് റൈഡിലെ താരമായ ബഗ്ഗി കാർ ഓടിക്കയറിയത്.

ബഗ്ഗി കാറിന്റെ വീരസാഹസികതകൾ കണ്ട് ഇതെന്തുകൊണ്ട് തനിക്കുണ്ടാക്കിക്കൂടാ എന്ന ചിന്ത അവനിൽ വിരിഞ്ഞു. ഇരിമ്പിളിയം എം.ഇ.എസ്. എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷാനിദ് ഒടുവിൽ വെറും 40,​000 രൂപയ്‌ക്ക് എട്ടു മാസം കൊണ്ട് ബഗ്ഗി കാർ നിർമ്മിച്ചു. ഒരു ലിറ്റർ പെട്രോളിൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് ഷാനിദ് പറയുന്നു.

മാതാപിതാക്കളായ കൂനുംകുന്നത്ത് അബ്ദുൾ റഷീദും ഷറഫുന്നീസയും സഹോദരങ്ങളായ ഷഫീക്കും ഷമീനയും ഷാനിദിന് പിന്തുണ നൽകി. വെൽഡിംഗ് മെഷീനടക്കമുള്ള നിർമ്മാണ സാമഗ്രികൾ നൽകി സമീപവാസി മുഹമ്മദും സഹായിച്ചു. ഓട്ടോമൊബൈൽ എൻജിനിയറാകണമെന്നാണ് ഷാനിദിന്റെ ആഗ്രഹം.

ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ഇൻസ്‌പെയർ അവാർഡിന് അർഹനായ ഷാനിദ് പഴയ സ്‌കൂട്ടറിന്റെ എൻജിൻ ഇലക്ട്രിക്കാക്കി മാറ്റാനുള്ള പുത്തൻ പരീക്ഷണത്തിലേക്ക് കടക്കുകയാണ്.

 നിർമ്മാണ കരവിരുത്

എൻജിൻ, ടയറുകൾ, സ്റ്റിയറിംഗ്, ഡിസ്‌ക് ബ്രേക്ക്, ലൈറ്റുകൾ എന്നിവ പൊളിമാർക്കറ്റിൽ നിന്ന് ശേഖരിച്ചു. ജി.ഐ പൈപ്പിൽ ചെയ്സും പി.വി.സി പൈപ്പിൽ പെട്രോൾ ടാങ്കും നിർമ്മിച്ചു. ആദ്യം ബജാജ് സി.ടി 100 ബൈക്കിന്റെ എൻജിൻ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. സെൽഫ് സ്റ്റാർട്ടിംഗ് വില്ലനായി. പിന്നീട് ഓട്ടോയുടെ പെട്രോൾ എൻജിൻ സംഘടിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കി.
ആൾട്ടോ കാറിന്റെ ടയറുകളും മാരുതി 800ന്റെ സ്റ്റിയറിംഗുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിൻഭാഗത്തെ ടയറുകൾക്ക് ബൈക്കിന്റെ ഡിസ്‌ക് ബ്രേക്കും നൽകി. സ്വന്തമായി ഡിസൈൻ ചെയ്ത ബോഡി തകരഷീറ്റുകളിലാണ് നിർമ്മിച്ചത്. റിവേഴ്സ് അടക്കം അഞ്ചു ഗിയറുണ്ട്.