vvggg

മലപ്പുറം: തിരൂരിന്റെ ചരിത്രത്തിൽ ഒരുതവണ മാത്രമാണ് മുസ്‌ലിം ലീഗ് തോൽവി രുചിച്ചത്. മണ്ഡലം രൂപവത്കരിച്ച 1957 മുതൽ 2006 വരെ തുടർച്ചയായ വിജയം. 2006ൽ പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ ആദ്യമായി ചെങ്കൊടി പാറി. ഈ ചരിത്രം തന്നെയാണ് ഇരുമുന്നണികൾക്കും പ്രതീക്ഷയും ആശങ്കയും പകരുന്നത്. ഇടതിനായി താനൂർ എം.എൽ.എ വി.അബ്ദുറഹ്മാനും യു.ഡി.എഫിനായി മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീനും മത്സരിച്ചേക്കുമെന്നാണ് വിവരം. 2016ൽ സിറ്റിംഗ് എം.എൽ.എ സി.മമ്മുട്ടിക്കെതിരെ ഇടതുസ്വതന്ത്രനായി ഗഫൂർ പി ലില്ലീസിനെ കൊണ്ടുവന്നപ്പോൾ മത്സരം കനത്തിരുന്നു. എട്ട് ശതമാനം വോട്ട് യു.ഡി.എഫിന് കുറഞ്ഞപ്പോൾ ആറ് ശതമാനം വോട്ട് ഇടതിന് കൂടി. തിരൂർ മുനിസിപ്പാലിറ്റി- 926, വളവന്നൂർ- 506 എന്നിങ്ങനെയാക്കി ലീഡ് കുറച്ചു. കൽപ്പകഞ്ചേരിയിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം യു.ഡി.എഫിന്റെ ലീഡ് 1,500ന് താഴെയാണ്. ആകെ 7,061 വോട്ടിന്റെ ലീഡാണുള്ളത്. 2011ലിത് 23,566 വോട്ടായിരുന്നു. അതിനാൽ ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തണമെന്ന വികാരമാണ് ലീഗിന്.

ലീഗ് കോട്ടയായിരുന്ന താനൂരിൽ മുൻ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത്. താനൂരിൽ വീണ്ടും മത്സരത്തിനില്ലെന്നത് വി.അബ്ദുറഹ്മാൻ സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായ തിരൂരിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹവും അറിയിച്ചിട്ടുണ്ട്. തിരൂർ മുനിസിപ്പൽ വൈസ് ചെയർമാനായി പ്രവർത്തിച്ചതും കുടുംബവേരുകളും വ്യക്തിബന്ധങ്ങളും ഏറെയുള്ളതും ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ താനൂരിൽ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയതും യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതും "പൊന്മുണ്ടം കോൺഗ്രസ്" അപ്രസക്തമായതും തിരൂരിലേക്കുള്ള മാറ്റത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വി.അബ്ദുറഹ്മാനൊപ്പം കഴിഞ്ഞ തവണ മത്സരിച്ച ഗഫൂർ പി. ലില്ലീസിന്റെ പേരും പരിഗണനയിലുണ്ട്.
തിരൂർ സ്വദേശിയായ ഷംസുദ്ദീൻ മണ്ണാർക്കാട് നിന്ന് തിരൂരിലേക്ക് എത്തിയേക്കും. തിരൂരിൽ ഇതിനകം തന്നെ ഷംസുദ്ദീൻ സജീവമായിട്ടുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ. ഫൈസൽ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി എന്നിവരുടെ പേരുകളും ലീഗിന്റെ പരിഗണനയിലുണ്ട്. ഷംസുദ്ദീൻ തന്നെ മത്സരിക്കാനാണ് സാദ്ധ്യതയെന്നാണ് വിവരം.
തിരൂർ നഗരസഭയും തലക്കാട്, കൽപ്പകഞ്ചേരി, തിരുന്നാവായ, ആതവനാട്, വളവന്നൂർ, വെട്ടം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ നിയമസഭ മണ്ഡലം. കഴിഞ്ഞ തവണ ഇടത് ഭരിച്ച തിരൂർ മുനിസിപ്പാലിറ്റി ഇത്തവണ തിരിച്ചുപിടിക്കാനായത് യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. നാല് പഞ്ചായത്തുകളിൽ യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. വെട്ടം പഞ്ചായത്തിൽ യു.ഡി.എഫിലെ അനൈക്യമാണ് വിനയായത്. തലക്കാട് പഞ്ചായത്ത് എൽ.ഡി.എഫിന് നിലനിറുത്തി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരൂരിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീറിന് 41,385 വോട്ടിന്റെ ലീഡാണ് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടായിട്ടുണ്ട്.

അൽപ്പം ചരിത്രം

1957 മുതൽ 70 വരെ മുൻ സ്പീക്കർ കൂടിയായ കെ. മൊയ്തീൻകുട്ടി, 1970ൽ കെ.എം. കുട്ടി, 1977 മുതൽ 87 വരെ പി.ടി. കുഞ്ഞിമുഹമ്മദ്, 1987ൽ വീണ്ടും കെ. മൊയ്തീൻ കുട്ടി, 1991 മുതൽ 2006 വരെ ഇ.ടി.മുഹമ്മദ് ബഷീർ, 2006ൽ സി.പി.എമ്മിന്റെ പി.പി. അബ്ദുള്ളക്കുട്ടി, 2011 മുതൽ സി.മമ്മുട്ടി എന്നിവരാണ് മണ്ഡലത്തിന്റെ സാരഥികൾ. സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന പി.പി.അബ്ദുള്ളക്കുട്ടി ഇ.ടി. മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്തി. 2011ൽ അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയാണ് സി.മമ്മുട്ടി മണ്ഡലം തിരിച്ചുപിടിച്ചത്.

2016 നിയമസഭ
സി.മമ്മുട്ടി ( മുസ്ലിം ലീഗ് ) - 73,432
ഗഫൂർ പി. ലില്ലീസ് ( ഇടതുസ്വതന്ത്രൻ) - 66,371
എം.കെ.ദേവീദാസൻ (ബി.ജെ.പി) - 9,083

ഭൂരിപക്ഷം - 7,061


2011 നിയമസഭ
സി.മമ്മുട്ടി ( മുസ്‌ലിം ലീഗ് ) - 69,305
പി.പി.അബ്ദുള്ളക്കുട്ടി (സി.പി.എം) - 45,739
പി.ടി. ആലി ഹാജി (ബി.ജെ.പി ) - 5,543

ഭൂരിപക്ഷം - 23,566