smarakam

പൊന്നാനി: വിശ്വപ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് സ്മാരകമൊരുങ്ങുക വിശ്വവിഖ്യാത ഗ്രന്ഥങ്ങളുടെ രചന നിർവ്വഹിച്ച മണ്ണിൽ. സൈനുദ്ദീൻ മഖ്ദൂമിന്റെ ഇടപെടലുകളെ കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരാൻ സഹായകമാകുന്ന തരത്തിൽ സ്മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തിലാണ് സ്മാരകത്തിനായി മഖ്ദൂം ഗ്രന്ഥരചന നടത്തിയ സ്ഥലം വിട്ടു നൽകാൻ ഉടമകളായ ദാഇറ കമ്മിറ്റി തീരുമാനിച്ചത്. മഖ്ദൂമിന് സ്മാരകമൊരുക്കാൻ പകുതിയിലേറെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടവും വിട്ടു നൽകും.

പൊന്നാനി വലിയ ജമാഅത്ത് പളളിക്ക് സമീപത്തെ അകത്തെ പള്ളിയോടു ചേർന്ന പഴയകം വീട്ടിലിരുന്നാണ് സൈനുദ്ദീൻ മഖ്ദൂം വിഖ്യാത ഗ്രന്ഥങ്ങളുടെ രചന നടത്തിയത്. പറങ്കികൾക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ, കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ, ഇർഷാദുൽ ഇബാദ, അൽ അജ്വിബതുൽ അജീബ എന്നിവയുടെ രചനയാണ് ഈ വീട്ടിലിരുന്ന് നടത്തിയത്. അക്കാലത്തെ സമ്പന്നനായൊരു കച്ചവടക്കാരൻ സൈനുദ്ദീൻ മഖ്ദൂമിന് നൽകിയതായിരുന്നു പഴയകം വീട്. വീടിന്റെ പുറത്തെ മുറിയിലിരുന്നാണ് ഗ്രന്ഥങ്ങളുടെ രചന നിർവ്വഹിച്ചത്.

കാലപ്പഴക്കത്തെ തുടർന്ന് 15 വർഷം മുമ്പ് വീട് പൊളിച്ചുമാറ്റുകയും ദാഇറ കമ്മിറ്റി ഈ സ്ഥലത്ത് മഖ്ദൂമിന് സ്മാരകം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സഹായം ആദ്യഘട്ടത്തിൽ നിർമ്മാണത്തിനുണ്ടായിരുന്നു. വിചാരിച്ചത്ര സാമ്പത്തിക സഹായം ലഭ്യമാകാതായതോടെ കെട്ടിട നിർമ്മാണം പാതിവഴിയിൽ നിലച്ചു. മഖ്ദൂമിന് സ്മാരകതിന് സർക്കാർ അനുമതിയായതോടെ സ്ഥലവും കെട്ടിടവും വിട്ടുനൽകാൻ ദാഇറ കമ്മിറ്റി തയ്യാറാവുകയായിരുന്നു

മഖ്ദൂമിന്റെ ചരിത്ര ഗ്രന്ഥങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ കേന്ദ്രം എന്നിവ ഉൾകൊള്ളിച്ചുള്ള സ്മാരക മന്ദിരമാണ് ആലോചിക്കുന്നത്. മഖ്ദൂം ഗ്രന്ഥങ്ങളുടെ പുനർവായനയും മഖ്ദൂമിന്റെ ഇടപെടലുകളുടെ ചർച്ചകളും ലക്ഷ്യമിട്ടുള്ള ഗവേഷണ കേന്ദ്രവും സ്മാരക മന്ദിരത്തിന്റെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്.