
മഞ്ചേരി: സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ കാറിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹതയില്ലെന്ന് പൊലീസ്. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണെന്ന് പൊലീസ് പറഞ്ഞു. സുമിത് കുമാറിനെ പിന്തുടർന്ന മുക്കം സ്വദേശികളായ ജാസിം, ബന്ധുവായ ജാസിം റഹിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അശ്രദ്ധമായി കാറോടിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് കേസ്. ഇവർ സഞ്ചരിച്ച ഐ 20 കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് പറയുന്നു. ജാസിം നാട്ടിൽ ബേക്കറി നടത്തുന്നുണ്ട്. ബന്ധുവായ ജാസിം റഹിം ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. 2016ൽ കായംകുളത്ത് ട്രെയിനിൽ നിന്നു വീണ് ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു.
ബേക്കറിയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്നുവെന്ന് യുവാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കാറിൽ പാട്ട് വച്ചിരുന്നതിനാൽ ഹോൺ അടിച്ചത് കേട്ടിരുന്നില്ല. കസ്റ്റംസ് കമ്മിഷണറുടെ കാർ മുന്നിലെത്തി തങ്ങളെ തടഞ്ഞ് സൈഡ് തരാത്തതെന്തെന്ന് ചോദിച്ചിരുന്നെന്നും അവരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നെന്നും യുവാക്കൾ പറഞ്ഞു.
സുമിത് കുമാറിനെതിരെ മുമ്പും ആക്രമണ ശ്രമങ്ങൾ നടന്നതായി പരാതിയുള്ളതിനാൽ കേസ് ഗൗരവത്തിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ജാസിമിന്റെ പിതാവും സ്കൂൾ പ്രധാന അദ്ധ്യാപകനുമായ അബ്ദുൾ ഗഫൂറിന്റെ പേരിലുള്ളതാണ് കാർ.
സുമിത് കുമാർ കൽപ്പറ്റയിൽ നിന്ന് കരിപ്പൂരിലെ കാർഗോ ഓഫീസിലേക്ക് പോകുമ്പോൾ എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ തടസം സൃഷ്ടിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് പരാതി. കൊണ്ടോട്ടി പൊലീസാണ് കേസെടുത്തത്.