
മങ്കട: മങ്കടയുടെ മനസ് ഇപ്പോഴും മുന്നണികൾക്ക് പിടികിട്ടിയിട്ടില്ല. ആർക്കും അത്ര പെട്ടെന്ന് പിടികൊടുക്കില്ലെന്നതാണ് മുൻകാല ചരിത്രങ്ങൾ. 1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള ചരിത്രമെടുത്താൽ മുസ്ലിം ലീഗ് 11 തവണയും സി.പി.എം മൂന്ന് തവണയും വിജയിച്ച മണ്ഡലമാണിത്. കണക്കിൽ ലീഗ് മുന്നിലാണെങ്കിലും മങ്കടയെ പച്ചക്കോട്ടയെന്ന് വിലയിരുത്താവില്ല. മൂന്നുതവണ മാത്രമാണ് ലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം 10,000 കടന്നത്. ആറ് തവണ ഭൂരിപക്ഷം 5,000ത്തിന് താഴെയായിരുന്നു. ഇതു തന്നെയാണ് ലീഗിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നത്. അതേസമയം മികച്ച സ്ഥാനാർത്ഥിയിലൂടെ ഭൂരിപക്ഷം കാൽലക്ഷത്തിന് അടുത്ത് വരെ എത്തിച്ച അനുഭവങ്ങളുമുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷം 1,508 വോട്ടാണ്. അതേസമയം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 35,265 വോട്ടാണ്. സി.പി.എമ്മിന് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമേകുന്ന കണക്കാണിത്.
സി.പി.എമ്മിനായി ടി.കെ.റഷീദലി തന്നെ മത്സരിച്ചേക്കുമെന്നാണ് വിവരം. തോൽവിക്ക് ശേഷവും മങ്കട കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുകയാണ് റഷീദലി. നിലവിലെ സിറ്റിംഗ് എം.എൽ.എ ടി.എ. അഹമ്മദ് കബീറിന് വീണ്ടും അവസരം ലീഗ് നൽകിയേക്കില്ല. മത്സരിക്കാനുള്ള താത്പര്യം അഹമ്മദ് കബീർ അറിയിച്ചിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ വേണ്ടെന്ന നിലപാടാണ് പ്രാദേശിക നേതൃത്വത്തിന്. പെരിന്തൽമണ്ണയിൽ നിന്ന് തന്റെ മുൻതട്ടകമായ മങ്കടയിലേക്ക് തിരിച്ചുവരാൻ മഞ്ഞളാംകുഴി എം.എൽ.എ താത്പര്യപ്പെടുന്നുണ്ടെങ്കിലും പ്രാദേശിക നേതൃത്വം എതിർസ്വരമുയർത്തുന്നുണ്ട്. അഹമ്മദ് കബീറിന് മൂന്നാംഅങ്കത്തിന് അവസരമേകിയാൽ മണ്ഡലം കൈവിട്ടുപോയേക്കാമെന്ന വിലയിരുത്തൽ ലീഗിനുണ്ട്. മണ്ഡലം നിലനിറുത്താനാവുമെന്ന വിശ്വാസത്തിലാണ് ലീഗ്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ആറും യു.ഡി.എഫിനും മൂർക്കനാട് എൽ.ഡി.എഫിനും ഒപ്പമാണ്. 2015ൽ രണ്ട് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരിച്ചിരുന്നത്. ഭരണസമിതികൾ കൈവിട്ടെങ്കിലും വിവിധ പഞ്ചായത്തുകളിൽ മുൻതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്താനായിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. മണ്ഡലം കേന്ദ്രീകരിച്ചുള്ള ടി.കെ.റഷീദലിയുടെ പ്രവർത്തനങ്ങളും ഏറെ സുപരിചിതനാണെന്നതും ഇത്തവണ തുണയ്ക്കുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു.
പച്ച മങ്ങിയില്ല, ചുവപ്പ് ഉദിച്ചതുമില്ല
1957 മുതലുള്ള മങ്കടയുടെ ചരിത്രമെടുത്താൽ ഇതുവരെ പച്ചപ്പ് മങ്ങിയിട്ടില്ല. സ്ഥിരമായി തുണയ്ക്കുമ്പോഴും പൂർണ്ണമായും പച്ചക്കോട്ടയെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന പ്രത്യേകതയും മങ്കടയ്ക്കുണ്ട്. 1957ൽ ലീഗ് സ്വതന്ത്രൻ മുഹമ്മദ് കോഡൂർ കോൺഗ്രസിലെ മുഹമ്മദ് മലവട്ടത്തെ 3,516 വോട്ടിന് പരാജയപ്പെടുത്തി. 1960ലും 65ലും ലീഗിന്റെ ഭൂരിപക്ഷം 5000ത്തിൽ താഴെ. 1967ൽ ലീഗിന്റെ സമുന്നതനായ സി.എച്ച്.മുഹമ്മദ് കോയ 24,517 വോട്ടിന് മിന്നുംവിജയം നേടി. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. 2011ൽ ടി.എ അഹമ്മദിന് ലഭിച്ച 23,593 വോട്ടാണ് രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അഞ്ചുതവണ വിജയിച്ച മണ്ഡലമാണിത്. ഒരുതവണ മാത്രമാണ് ഭൂരിപക്ഷം പതിനായിരത്തിൽ എത്തിയത്.
2011
ടി.എ അഹമ്മദ് കബീർ ( ലീഗ്)
67,756
ഖദീജ സത്താർ (സി.പി.എം)
44,163
ഭൂരിപക്ഷം 23,593
2016
ടി.എ.അഹമ്മദ് കബീർ ( ലീഗ്)
69,165
ടി.കെ.റഷീദലി (സി.പി.എം)
67,657
ഭൂരിപക്ഷം - 1,508