
മലപ്പുറം: നിയമസഭയ്ക്കൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരൻ ആരെന്നതിൽ ചർച്ച സജീവമാക്കി മുസ്ലിം ലീഗ്. ഇന്ന് രാവിലെ 10ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. അബ്ദുസ്സമസ് സമദാനി, കെ.എൻ.എ ഖാദർ, അബ്ദുറഹിമാൻ രണ്ടത്താണി, എൻ.ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. പരിചയ സമ്പന്നരെ മത്സരിപ്പിക്കണമെന്ന നിലപാടിന് മുൻതൂക്കം കിട്ടിയാൽ അബ്ദുറഹിമാൻ രണ്ടത്താണിയോ, കെ.എൻ.എ ഖാദറോ മത്സരിച്ചേക്കും. മികച്ച പ്രാസംഗികനും ഭാഷാവിദഗ്ദനുമെന്നതാണ് സമദാനിയുടെ സാദ്ധ്യത. നിയമസഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിലും പ്രാഥമിക ചർച്ച നടക്കും. നേരത്തെ എട്ട് സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കാനും കൂടുതൽ പുതുമുഖങ്ങൾക്ക് അവസരമേകാനുമായിരുന്നു ലീഗിൽ നീക്കംനടന്നിരുന്നത്. വോട്ടുബാങ്കായ വിവിധ സംഘടനകളുടെ സമ്മർദ്ദത്തിന് പിന്നാലെ വലിയ വെട്ടിച്ചുരുക്കൽ വേണ്ടെന്ന ചിന്തയും ലീഗിലുയർന്നിട്ടുണ്ട്. വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതും ചർച്ചയാവും.