
മലപ്പുറം: മുസ്ളിം ലീഗിലെ സ്ഥാനാർത്ഥി നിർണയവും വനിതാ പ്രാതിനിധ്യവും സംബന്ധിച്ച തീരുമാനമെടുക്കാൻ മലപ്പുറത്ത് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സമിതി വൈകാതെ ചേരും. മലപ്പുറത്തെ ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം.
മറ്റിടങ്ങളിലേതിൽ ചർച്ച പുരോഗമിക്കുകയാണ്. എട്ട് സിറ്റിംഗ് എം.എൽ.എമാരെ മാറ്റിനിറുത്താനുള്ള നീക്കം വോട്ട് ബാങ്കായ സംഘടനകളുടെ സമ്മർദ്ദത്തിൽ ലീഗ് മയപ്പെടുത്തി. മൂന്നുതവണ മത്സരിച്ചവരെ മാറ്റിനിറുത്തിയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് രീതിയും നിയമസഭയിൽ നടപ്പാക്കില്ല. വനിതാപ്രാതിനിധ്യം വേണമെന്ന ആവശ്യമുണ്ടെങ്കിലും സമസ്‌തയടക്കമുള്ളവരുമായി ആശയ വിനിമയത്തിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളും യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതിയും പ്രവർത്തകസമിതിയെ നേതൃത്വം അറിയിച്ചു. രാജ്യസഭ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടെന്ന വികാരവുമുയർന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ചർച്ചയാക്കാൻ അവസരമേകരുതെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.
ഐശ്വര്യ കേരള യാത്ര യു.ഡി.എഫിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിച്ചെന്നും ഒന്നിച്ചുമുന്നേറിയാൽ കൂടുതൽ അനുകൂലസാഹചര്യം ഉരുത്തിരിയുമെന്നും ലീഗ് വിലയിരുത്തി. സൗജന്യ കിറ്റിന്റെ പശ്ചാത്തലത്തിൽ ന്യായ് പദ്ധതി പോലെ ആകർഷകമായവ കൂടുതലായി പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും. വിജയസാദ്ധ്യതയാവും സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന മാനദണ്ഡമെന്നും സ്ത്രീ പ്രാതിനിധ്യമുണ്ടാവുമോ എന്നതിൽ കാത്തിരിക്കാമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീർ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.
പൗരത്വനിയമം ചർച്ചയാക്കും
മലബാറിൽ പൗരത്വ നിയമം സജീവ ചർച്ചയാക്കാനാണ് ലീഗ് തീരുമാനം. പൗരത്വവിരുദ്ധ സമരങ്ങളിൽ യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസെടുത്തത് കേരളത്തിലാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പേകും. ഇക്കാര്യത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് സമ്മർദ്ദത്തിലാക്കും. ആളുകളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നും. ബഫർ സോൺ, വന്യജീവി ആക്രമണം, പിൻവാതിൽ നിയമനം എന്നിവയിൽ സർക്കാരിന്റെ നിലപാടുകളും വീഴ്ചകളും തുറന്നുകാട്ടും. ഇന്ധന വില വർദ്ധനവിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.