തിരുരങ്ങാടി : കടലുണ്ടിപ്പുഴയുടെ മിക്ക ഭാഗങ്ങളിലും കരയിടിച്ചിൽ വ്യാപകമായി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളെ തുടർന്നാണ് കരയിടിച്ചിൽ രൂക്ഷമായത്.
തിരൂരങ്ങാടി നഗരസഭയിൽ 300ൽ പരം വീടുകളുള്ള പത്താം ഡിവിഷൻ ഉൾപ്പെട്ട വെള്ളിനക്കാട് പ്രദേശത്ത് ഇരുനൂറിൽപരം വീടുകൾ പുഴയിടിച്ചിലിന്റെ ഭീഷണി നേരിടുന്നുണ്ട്. മഴക്കാലത്ത് എട്ടടിയോളം പുഴ കവരുന്നുണ്ടെന്ന് ഡിവിഷൻ കൗൺസിലർ അരിമ്പ്ര മുഹമ്മദാലി പറയുന്നു, കരയിടിച്ചിൽ കാരണം പുഴയുടെ വീതികൂടുതലായിട്ടുണ്ട്. പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കരയിടിച്ചിൽ കാരണം സമീപവാസികളുടെ പറമ്പിലെ തെങ്ങ്, അടയ്ക്ക കൃഷിയുംമറ്റ് മരങ്ങളും നശിക്കുന്നുണ്ട്. .
വരുന്ന മഴയ്ക്ക് മുമ്പായി സംരക്ഷണഭിത്തി കെട്ടിയില്ലങ്കിൽ കരയിടിച്ചിൽ കൂടുതൽ രൂക്ഷമാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളിൽ പുഴയോരത്തെ അഞ്ഞൂറിലേറെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നിരുന്നു .