gggg

വള്ളിക്കുന്ന്: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ വള്ളിക്കുന്നിന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ ആവശ്യമാണ് ഇത്തവണ യു.ഡി.എഫിൽ നിന്നുയർന്നത്. സി.എം.പി ജനറൽ സെക്രട്ടറിയായ സി.പി.ജോണിന് വേണ്ടി വള്ളിക്കുന്ന് ലീഗ് വിട്ടുകൊടുക്കണമെന്ന താത്പര്യത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ നീക്കം മുളയിലേ നുള്ളിക്കളഞ്ഞ മുസ്‌ലിം ലീഗ് സിറ്റിംഗ് എം.എൽ.എ പി.അബ്ദുൽ ഹമീദിന് തന്നെ ഒരു അവസരം കൂടി നൽകുമെന്ന സൂചന കൂടി നൽകുന്നു. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ലീഗാണ് വിജയിച്ചത്.

2009ൽ ചേലേമ്പ്ര, പെരുവള്ളൂർ, തേഞ്ഞിപ്പലം, പള്ളിക്കൽ, വള്ളിക്കുന്ന്, മുന്നിയൂർ പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് വള്ളിക്കുന്ന് നിയോജക മണ്ഡലം രൂപവത്കരിച്ചത്. മലപ്പുറം ലോ‌ക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണിത്. നിയോജക മണ്ഡലം രൂപവത്കരിച്ച ശേഷം ആദ്യം നേരിട്ടത് ലോക്‌സഭ തിരഞ്ഞെടുപ്പായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഇ.അഹമ്മദിന് 12,946 വോട്ടിന്റെ ഭൂരിപക്ഷമാണ് വള്ളിക്കുന്നേകിയത്. 2011ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിലും വലത്തോട്ട് തന്നെയായിരുന്നു വള്ളിക്കുന്നിന്റെ ചായ്‌വ്. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.എൻ.എ ഖാദറിന് 18,122 വോട്ടിന്റെ ഭൂരിപക്ഷമേകി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വള്ളിക്കുന്നിൽ നിന്നുള്ള ഭൂരിപക്ഷം വീണ്ടും ഉയർന്നു. സി.പി.എമ്മിന്റെ പി.കെ. സൈനബക്കെതിരെ 23,935 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.അഹമ്മദിന് ലഭിച്ചത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിലെ പി.അബ്ദുൽ ഹമീദിന് 12,610 വോട്ടിന്റെ ഭൂരിപക്ഷംകിട്ടി. ഐ.എൻ.എല്ലിലെ ഒ.കെ തങ്ങളായിരുന്നു മുഖ്യഎതിരാളി. ഇത്തവണയും ഐ.എൻ.എൽ തന്നെ മത്സരിച്ചേക്കും. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള ജില്ലയിലെ നിയോജക മണ്ഡലം കൂടിയാണിത്. 2016ൽ ബി.ജെ.പിക്കായി മത്സരിച്ച കെ.ജനചന്ദ്രന് 22,887 വോട്ടാണ് ലഭിച്ചത്. 2011നെ അപേക്ഷിച്ച് ഏഴ് ശതമാനത്തോളം വോട്ട് കൂടി. 2011ൽ പ്രേമൻ മാസ്റ്റർക്ക് 11,99 വോട്ടായിരുന്നു ലഭിച്ചത്.

മുൻതൂക്കം യു.ഡി.എഫിന്
മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ അഞ്ചിടത്തും യു.ഡി.എഫാണ്. വള്ളിക്കുന്നിലാണ് ഇടതുഭരണമുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചേലേമ്പ്ര എൽ.ഡി.എഫ് നേതൃത്വമേകുന്ന ജനകീയ മുന്നണി പിടിച്ചെടുത്തിരുന്നെങ്കിലും ഇത്തവണ ഭരണം കൈവിട്ടുപോയി. കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ചേളാരിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റ്, കിൻഫ്ര പാർക്ക് എന്നിവ ഉൾപ്പെടുന്ന മണ്ഡലമാണിത്. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേരത്തെ ലീഗിനുള്ളിലുണ്ടായിരുന്നു. ഭൂമിയേറ്റെടുക്കലിനെ സംസ്ഥാന നേതൃത്വം അനുകൂലിച്ചപ്പോൾ പുനരധിവാസവും നഷ്ടപരിഹാരം വൈകിയതും ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വങ്ങൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. പെരുവള്ളൂർ, പള്ളിക്കൽ, മുന്നിയൂർ പഞ്ചായത്തുകളിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുണ്ട്. തദ്ദേശ തിര‌ഞ്ഞെടുപ്പിലെ മുന്നേറ്റം യു.ഡി.എഫിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.


നിയമസഭ

2011
കെ.എൻ.എ ഖാദർ - (ലീഗ്) 57,250
കെ.വി ശങ്കരനാരായണൻ ( ഇടത് സ്വതന്ത്രൻ) - 39,128

ഭൂരിപക്ഷം - 18,122


2016
പി.അബ്ദുൽ ഹമീദ് (ലീഗ്) - 59,720
അഡ്വ. ഒ.കെ.തങ്ങൾ (ഐ.എൻ.എൽ) - 47,110
ഭൂരിപക്ഷം - 12,610