
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിനത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ എറണാകുളത്തിന്റെ മുന്നേറ്റം. സീനിയറിൽ ആറ് സ്വർണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി 88 പോയിന്റാണ് സമ്പാദ്യം. നാല് വീതം സ്വർണ്ണവും വെള്ളിയും രണ്ട് വെങ്കലവുമായി 79 പോയിന്റോടെ കോട്ടയം രണ്ടാം സ്ഥാനത്താണ്. 34 പോയിന്റുമായി തൃശൂരാണ് മൂന്നാമത്.
ജൂനിയർ വിഭാഗത്തിൽ 15 സ്വർണ്ണവും, 11 വെള്ളിയും, ഏഴ് വെങ്കലവുമായി 206 പോയിന്റോടെ എറണാകുളം ബഹുദൂരം മുന്നിലാണ്. 10 സ്വർണ്ണവും എഴ് വീതം വെള്ളിയും വെങ്കലവുമായി 176 പോയിന്റുള്ള പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. 175.5 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. ഒരു റെക്കോർഡാണ് ഇന്നലെ പിറന്നത്. 400 മീറ്റർ റിലേയിൽ അണ്ടർ 20 വിഭാഗത്തിൽ ഇ.ആൻസി സോജന്റേതാണിത്. രണ്ടായിരത്തിലധികം അത്‌ലറ്റുകളാണ് നാല് ദിവസങ്ങളിലായി മത്സരിക്കുന്നത്. മേള നാളെ സമാപിക്കും. ഒരേസമയം രണ്ട് ട്രാക്കുകളിലായി മത്സരങ്ങൾ നടക്കുന്ന ചാമ്പ്യൻഷിപ്പെന്ന പ്രത്യേകതയും സംസ്ഥാന മീറ്റിനുണ്ടെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രതിനിധിയും വാഴ്സിറ്റി കായിക വകുപ്പ് മേധാവിയുമായ ഡോ.വി.പി സക്കീർ ഹുസൈൻ പറഞ്ഞു.