പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സർക്കാർ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഡയാലിസിസ് യൂണിറ്റ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷനായി. 2019 -20 സാമ്പത്തിക വർഷത്തെ കിഫ്ബി പദ്ധതിയിൽ നിന്നും 1.31 കോടി രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 50 ലക്ഷം രൂപയും ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. ഒരു സമയം ഒമ്പത് പേർക്ക് ഡയാലിസിസ് ചെയ്യാം. ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ടെക്നീഷ്യന്മാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും സേവനങ്ങൾ ലഭ്യമാക്കും. പെരിന്തൽമണ്ണ താലൂക്കിൽ നിന്നുള്ള രോഗികൾക്ക് മുൻഗണന ലഭിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.നൗഷാദലി, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അഷറഫ്, തുടങ്ങിയവർ പങ്കെടുത്തു.