
മലപ്പുറം: യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യങ്ങൾ തേടിയുള്ള ശശി തരൂർ എം.പിയുടെ സംവാദ പരിപാടിയായ ടോക് ടു തരൂരിൽ ആശയങ്ങളുമായെത്തിയത് നിരവധി പേർ. കോട്ടപ്പടി ബസ് സ്റ്റാന്റിന് സമീപത്തെ ടർഫ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദി വ്യത്യസ്തമായ ആശയങ്ങളാൽ സമ്പന്നമായി. പ്രവാസ ലോകത്തെ പ്രതിസന്ധി, തൊഴിൽ സാദ്ധ്യതകൾ, വിദ്യാഭ്യാസ, കാർഷിക, വ്യവസായ മേഖലകൾ, ആരോഗ്യ മേഖല, സ്റ്റാർട്ട് ആപ്പുകൾ തുടങ്ങി വിവിധ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഓരോ നിർദ്ദേശങ്ങളും സസൂക്ഷ്മം കേട്ട ശേഷം മറുപടി നൽകാനും തരൂർ മറന്നില്ല. യുവതലമുറയുമായി പ്രത്യേകം സംവദിച്ചു. നിർദ്ദേശങ്ങളിൽ ശ്രദ്ധേയമായവ ഉൾപ്പെടുത്തി ശശി തരൂർ, സി.പി.ജോൺ, എം.കെ. മുനീർ അടങ്ങുന്ന അഞ്ചംഗസമിതി കരട് പ്രകടന പത്രിക തയ്യാറാക്കി ഈ മാസം 30ന് കെ.പി.സി.സിക്ക് സമർപ്പിക്കും. യു.ഡി.എഫ് പ്രകടനപത്രിക സമിതി കൺവീനർ സി.പി ജോൺ, പി.കെ.കുഞ്ഞാലികുട്ടി, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ,ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, എ.പി അനിൽകുമാർ എം.എൽ.എ, മഞ്ഞളാം കുഴി അലി എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ, അഡ്വ.യു.എ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുമ്പോൾ അതിനനുസൃതമായ മാറ്റങ്ങളോടെ പുതിയ കേരളത്തിനെ സൃഷ്ടിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണം.എല്ലാ ജനവിഭാഗങ്ങൾക്കും അതിന്റെ ഗുണങ്ങൾ ലഭ്യമാവണം.
ശശിതരൂർ എം.പി