
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തെ നാലുനാൾ ആവേശം കൊള്ളിച്ച സംസ്ഥാന അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കുമ്പോൾ സീനിയർ വിഭാഗത്തിൽ എറണാകുളവും ജൂനിയറിൽ പാലക്കാടും മുന്നേറുന്നു. സീനിയറിൽ 10 സ്വർണ്ണവും, ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 139 പോയിന്റുകളാണ് എറണാകുളത്തിന്റെ സമ്പാദ്യം. ആറ് സ്വർണ്ണവും എഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 128 പോയിന്റോടെ കോട്ടയം തൊട്ടുപിന്നിലുണ്ട്. 66 പോയിന്റോടെ തൃശൂരാണ് പിന്നിൽ.
ജൂനിയർ വിഭാഗത്തിൽ 16 സ്വർണ്ണവും 13 വെള്ളിയും 15 വെങ്കലവും നേടി 313 പോയിന്റുമായി പാലക്കാട് ഒന്നാംസ്ഥാനത്തും 16 സ്വർണ്ണവും 11 വെള്ളിയും 17 വെങ്കലവും നേടി 295.5 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തുമാണ്. 288 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. ഇന്നലെ അഞ്ച് റെക്കോർഡുകളാണ് പിറന്നത്. ജൂനിയർ വിഭാഗത്തിൽ ലോംഗ് ജംപിൽ തൃശൂരിന്റെ ഇ.എസ് ശിവപ്രിയയും 400 മീറ്ററിൽ പാലക്കാടിന്റെ കെ.അഭിജിത്ത്, ട്രിപ്പിൾ ജംപിൽ കോഴിക്കോടിന്റെ അഖിൽ കുമാർ, സീനിയർ വിഭാഗം ഹർഡിൽസിൽ അപർണ്ണ റോയ്, ലോംഗ് ജംപിൽ തൃശൂരിന്റെ ഇ.ആൻസി സോജൻ എന്നിവരാണ് റെക്കോർഡിട്ടത്. സൗത്ത് സോൺ അത്‌ലറ്റിക് മീറ്റ് ഈ മാസം 26 മുതൽ 28 വരെ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും.