
 പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും
പൊന്നാനി: നാടിന് നല്ല കാര്യങ്ങൾ ചെയ്യാനാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാളെന്ന പ്രതിച്ഛായയുള്ള താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാർട്ടിയിലേക്കുണ്ടാവും. ബി.ജെ.പിയുടെ ഇമേജ് വർദ്ധിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അധികാരം ജനസേവനത്തിന് അനിവാര്യമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. ബി.ജെ.പിക്ക് മാത്രമേ കേരളത്തിൽ ഇനിയെന്തെങ്കിലും ചെയ്യാനാവൂ. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിന്റെ വികസനത്തിൽ താത്പര്യമില്ല. പാർട്ടിയുടെ താത്പര്യമാണ് അവർ നോക്കുന്നത്. എൽ.ഡി.എഫ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാർട്ടിക്കുവേണ്ടി മാത്രമേ ചെയ്തിട്ടുള്ളൂ. ഇരു മുന്നണികൾക്കും കേരളത്തിനായി ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി സംഘർഷത്തിലാണ് അവർ എപ്പോഴും. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ആക്രമിക്കുകയല്ല ലക്ഷ്യം. വ്യക്തിപരമായി അധിക്ഷേപിക്കാനും ചീത്ത പറയാനുമില്ല. ആൾക്കാർക്ക് ജോലി വേണം. നമ്മുടെ നാട്ടിലുള്ളവർ പുറത്തു പോയി ജോലി ചെയ്യുക, പുറത്തു നിന്നുള്ളവർ ഇവിടെ ജോലി ചെയ്യുകയെന്ന സാഹചര്യം മാറണം. വ്യവസായങ്ങൾ വന്നാലേ തൊഴിലവസരങ്ങളുണ്ടാകൂ.
കെ. സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയിൽ പങ്കെടുക്കില്ല. ഇക്കാര്യം സുരേന്ദ്രനെ അറിയിച്ചു. തന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിക്കാനുള്ള ചടങ്ങുകൾ വേണ്ടെന്നും ആവശ്യപ്പെട്ടു. ചുമതലകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഗവർണർ പദവി സ്വീകരിക്കില്ല. അതുകൊണ്ട് രാജ്യത്തെ സേവിക്കാൻ കഴിയില്ല. ഗവർണറായാൽ നല്ല നിലയിൽ ജീവിക്കാം. അതിനാണെങ്കിൽ ഇവിടെയിരുന്നാൽ മതിയല്ലോ. ബി.ജെ.പിയെ ന്യൂനപക്ഷ വിരുദ്ധരെന്ന് ആൾക്കാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. രാജ്യത്തോട് സ്‌നേഹമില്ലാത്തവരെ ബി.ജെ.പി എതിർക്കും- ശ്രീധരൻ പറഞ്ഞു.