
തേഞ്ഞിപ്പലം: സംസ്ഥാന അത്‌ലറ്റിക് മീറ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ സമാപിച്ചപ്പോൾ കിരീടം ചൂടി കോട്ടയവും പാലക്കാടും. സീനിയർ വിഭാഗത്തിൽ 10 സ്വർണ്ണവും, 14 വെള്ളിയും, എട്ട് വെങ്കലവുമായി 206 പോയിന്റാണ് കോട്ടയത്തിന്റെ സമ്പാദ്യം. 11 സ്വർണ്ണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി 174 പോയിന്റോടെ എറണാകുളമാണ് തൊട്ടുപിന്നിൽ. ആറ് സ്വർണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി 103 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്.
ജൂനിയർ വിഭാഗത്തിൽ 24 സ്വർണ്ണവും 24 വെള്ളിയും 20 വെങ്കലവും നേടി 482 പോയിന്റോടെ പാലക്കാട് കിരീടം ഉറപ്പിച്ചു. 26 സ്വർണ്ണവും 16 വെള്ളിയും 27 വെങ്കലവും നേടി 441 പോയിന്റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 19 സ്വർണ്ണവും 24 വെള്ളിയും 18 വെങ്കലവുമായി 375.5 പോയിന്റോടെ എറണാകുളം മൂന്നാമതാണ്. നാല് ദിവസങ്ങളിലായി നടന്ന മീറ്റിൽ രണ്ടായിരത്തിലധികം കായിക താരങ്ങൾ പങ്കെടുത്തു. വിജയികൾക്ക് സർവകലാശാല പ്രൊവൈസ് ചാൻസലർ എം.നാസർ ട്രോഫികൾ വിതരണം ചെയ്തു.