
വേങ്ങര: ഹാഫ്‌രസ് കേസിൽ ജാമ്യം ലഭിച്ച മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്നലെ രാവിലെ പത്തരയോടെ പൊലീസ് സുരക്ഷയിൽ വേങ്ങരയിലെ വീട്ടിലെത്തി. കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ കാപ്പന് സുരക്ഷയേകാൻ സി.ഐയുടെ നേതൃത്വത്തിൽ ആറംഗ യു.പി പൊലീസ് സംഘം കൂടെയുണ്ട്. വീടിന് സമീപം കേരള പൊലീസിന്റെയും സുരക്ഷയുണ്ട്.
മാതാവിനെ കാണാൻ സുപ്രീം കോടതി കർശന ഉപാധികളോടെ അഞ്ചുദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാവൂ എന്നും മാദ്ധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിർദ്ദേശമുണ്ട്. മാതാവിന്റെ അസുഖത്തിന് ഡോക്ടറെ കാണാൻ അനുമതിയുണ്ട്.
90 വയസായ കിടപ്പിലായ മാതാവ് കദീജക്കുട്ടിയുടെ ആരോഗ്യം പരിഗണിച്ച് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മാതാവിന്റെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചുവരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകനെ അന്വേഷിക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഹാഥ്‌രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേ ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.