 
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇന്നലെ വൈകിട്ട് ട്രാവലർ ഇടിച്ചു കയറി അപകടമുണ്ടായി. സാധാരണ രാത്രിയാണ് പാലത്തിന്റെ കൈവരികളിൽ വാഹനങ്ങൾ ഇടിക്കാറുള്ളത്. നാലുവരി പാതയിൽ നിന്നും പൊടുന്നനെ ഒറ്റവരിയിൽ കുപ്പിക്കഴുത്ത് പോലുള്ള പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടാവുന്നത്. പാലം നിർമ്മാണത്തിന്റെ മുമ്പുതന്നെ അശാസ്ത്രീയമായ നിർമ്മാണത്തെ കുറിച്ച് കേരളകൗമുദി വാർത്താപരമ്പരകൾ ചെയ്തിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലെയും ഇടതുവശത്തെ കൈവരികൾ ഇപ്പോൾ തകർന്ന നിലയിലാണ്. ഇവ പൂർവ്വസ്ഥിതിയിലാക്കുകയോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം പാലത്തിൽ വച്ച് ഇരുചക്രവാഹന യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചിരുന്നു.
ബാലുശ്ശേരിയിൽ നിന്നും സ്വകാര്യ ബാങ്ക് സ്ഥാപനത്തിലെ ജീവനക്കാർ നെല്ലിയാമ്പതിയിൽ പോയി തിരികെ വരുമ്പോൾ ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഏറെ പണിപ്പെട്ടു.