karipur-airport

കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങാൻ ഇനിയും എത്രകാലം കാത്തിരിക്കണം. വ്യക്തമായ ഉത്തരം വിമാനത്താവള അധികൃതർക്ക് പോലുമില്ല. കരിപ്പൂർ വിമാനദുരന്തത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. സംസ്ഥാനത്ത് ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. കൊവിഡിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകളും വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ നിന്ന് ഇല്ലാത്തതും പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ദുബൈയിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം കരിപ്പൂരിലെ റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടത്തിൽപ്പെട്ടത്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർ ആക്‌സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വിദഗ്ദ്ധസംഘം അഞ്ച് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നത്. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഉണ്ടാവില്ലെന്ന് തുടക്കത്തിൽത്തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞിട്ടും റിപ്പോർട്ടിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ വന്നതോടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. കരിപ്പൂരിലെ വിമാനദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ വീഴ്ചയാവാമെന്നും, അതല്ല റൺവേയുടെ പ്രശ്‌നങ്ങളാണെന്നുമുള്ള വിവിധ വിലയിരുത്തലുകൾ വ്യോമയാന രംഗത്തെ വിദഗ്ദ്ധർ ഉന്നയിക്കുന്നുണ്ട്. റൺവേയുടെ തകരാറല്ല ദുരന്ത കാരണമെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് തടസമുണ്ടാവില്ല. അതേസമയം റിപ്പോർട്ട് വൈകുന്നത് മുതലെടുത്ത് കരിപ്പൂരിനെ തകർക്കാൻ ലക്ഷ്യമിട്ട് സ്വകാര്യ ലോബിയുടെ നേതൃത്വത്തിൽ കുപ്രചാരണങ്ങളും അരങ്ങേറുന്നുണ്ട്. കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയല്ല അപകട കാരണമെന്ന് വ്യോമയാനമന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടേബിൾ ടോപ്പ് ഉന്നയിച്ച് യാത്രക്കാരിൽ ആശങ്കയുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും ഇതിനകം നടന്നിട്ടുണ്ട്.

പൂർണമായും പൊതുമേഖലയിലുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് കരിപ്പൂരിലേത്. കണ്ണൂരിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം ഉയർന്നതിന് പിന്നാലെ തന്നെ കരിപ്പൂരിനോടുള്ള അവഗണനയും വർദ്ധിച്ചിട്ടുണ്ട്. ഗൾഫ് യാത്രാ നിരക്കുകളിൽ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ആയിരം മുതൽ രണ്ടായിരം രൂപയുടെ വരെയുള്ള വ്യത്യാസം സീസണുകളിൽ ഉണ്ടാവാറുണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലുള്ളവരാണ് നിലവിൽ കരിപ്പൂരിനെ കൂടുതലായും ആശ്രയിക്കുന്നതും. ഇവിടങ്ങളിൽ നിന്നുള്ളവർക്ക് ഏറ്റവും അടുത്തുള്ളതും കരിപ്പൂർ വിമാനത്താവളമാണ്. പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലേക്ക് വേഗത്തിൽ പറന്നെത്താൻ കൊതിക്കുന്നവർ ടിക്കറ്റ് വിലയിലെ ഈ മാറ്റം അവഗണിക്കാറാണ് പതിവ്. പ്രവാസം തുടങ്ങിയ നാൾ മുതലുള്ള കരിപ്പൂർ വഴിയുള്ള യാത്ര മാറ്റി ചിന്തിക്കാനും പലരും തയ്യാറല്ല. ജനകീയ ഫണ്ട് പിരിവടക്കം നടത്തി കെട്ടിപ്പൊക്കിയ കരിപ്പൂരിനോട് പ്രത്യേക മമതയുമുണ്ട്.

ഇനിയും വേണം ഒരുമാസം
വിമാനാപകടം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് മാർച്ച് 12നകം സമർപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് വൈകുന്നത് സംബന്ധിച്ച് കെ.മുരളീധരൻ എം.പി നൽകിയ കത്തിനാണ് ഈ മറുപടി നല്കിയത്. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷയ്ക്കായി നിർദ്ദേശിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച് ഡി.ജി.സി.ഐ വിമാനത്താവളം അധികൃതരോട് വിശദീരകരണം തേടിയിട്ടുണ്ട്.
വിമാനസുരക്ഷയുമായി ബന്ധപ്പെട്ട സേഫ്‌ടി റിസ്‌ക് അസസ്‌മെന്റ് റിപ്പോർട്ട് സൗദി എയർലൈൻസ് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പരാമർശിച്ച ചില കാര്യങ്ങളിലും കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. റൺവേയിലെ ചെറിയ വിള്ളൽ പോലുള്ള കാര്യങ്ങൾ പരിഹരിക്കാൻ പാലക്കാട് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയത് സംബന്ധിച്ചും കാര്യങ്ങൾ അന്വേഷിച്ചിട്ടുണ്ട്. സൗദിക്ക് പിന്നാലെ വലിയ വിമാനങ്ങളുടെ സർവീസിന് താത്പര്യപ്പെട്ട് ഖത്തർ എയർവേസും കോഴിക്കോട് വിമാനത്താവളം അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വലിയ വിമാനങ്ങൾ സർവീസ് തുടങ്ങിയാൽ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ചുകൊണ്ടുവരാനാവൂ. ഹജ്ജ് യാത്രികരിൽ ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. പ്രായമേറിയവരാണ് യാത്രക്കാരിൽ കൂടുതലും. കരിപ്പൂരിൽ ഹജ്ജ് ഹൗസും വിപുലമായി സൗകര്യങ്ങളുമുണ്ടായിട്ടും വലിയ വിമാനങ്ങൾ സർവീസ് നടത്താത്തതിനാൽ നെടുമ്പാശ്ശേരിയെ ആശ്രയിക്കണം. കരിപ്പൂരിലേക്ക് ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ നടത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

വൈകുന്നു നഷ്ടപരിഹാരം
വിമാനാപകടത്തിൽ ഇരകളായവർക്കുള്ള അന്തിമ നഷ്ടപരിഹാര വിതരണം ഇതുവരെ നടന്നിട്ടില്ല. അപകടത്തിൽ മരിച്ച 19 പേരുടെ ആശ്രിതർക്ക് ഇടക്കാല ആശ്വാസമായി 1.7 കോടി രൂപയും സാരമായി പരിക്കേറ്റ 92 യാത്രക്കാർക്കായി 1.84 കോടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട 73 യാത്രക്കാർക്ക് 36.5 ലക്ഷം രൂപയും നൽകി. അന്തിമ നഷ്ടപരിഹാരത്തിനുള്ള നടപടിൾ പൂർത്തിയാവേണ്ടതുണ്ടെന്ന് വ്യോമയാന വകുപ്പ് അധികൃതർ പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച കൃത്യമായ മറുപടിയില്ലാത്തതും നടപടികൾ അനന്തമായി നീളുന്നതും അപകടത്തിൽ ഇരകളായവരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.