
മലപ്പുറം: അപകടങ്ങൾ ഏറെ നടക്കുന്ന റോഡുകൾ കേന്ദ്രീകരിച്ച് പൊലീസ്, മോട്ടോർ വാഹനവകുപ്പുകൾ വാഹന പരിശോധന ശക്തമാക്കിയതോടെ ജില്ലയിൽ ഒരുവർഷത്തിനിടെ തടയാനായത് 117 അപകട മരണങ്ങൾ. ജില്ലാ പൊലീസ് ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഒരുവർഷത്തിനിടെ 1,784 അപകടങ്ങളും 247 മരണങ്ങളുമാണ് മലപ്പുറത്തുണ്ടായത്. എന്നാൽ 2019ലിത് 2,562 അപകടങ്ങളും 364 മരണങ്ങളുമായിരുന്നു. 2018ൽ 2,423 അപകടങ്ങളിലായി 367 പേരുടെ ജീവനും പൊലിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന നാല് ജില്ലകളിൽ ഒന്നായിരുന്നു മലപ്പുറം. നിലവിൽ എട്ടാംസ്ഥാനത്താണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഹെൽമെറ്റ് ധരിക്കാത്തവരുടെ എണ്ണം നേരത്തെ കൂടുതലായിരുന്നതിനാൽ മരണനിരക്കും വർദ്ധിച്ചിരുന്നു. ഇരുചക്രവാഹനക്കാരെ ലക്ഷ്യമിട്ട് പരിശോധന ശക്തമാക്കുകയും പിഴത്തുക വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തതോടെ നല്ലൊരുപങ്ക് ബൈക്ക് യാത്രികരും ഹെൽമെറ്റ് ധരിച്ചുതുടങ്ങിയത് മരണനിരക്ക് കുറയ്ക്കാൻ സഹായകമായിട്ടുണ്ട്. റോഡ് സുരക്ഷാവാരാചരണത്തോട് അനുബന്ധിച്ച് ജില്ലയിലിപ്പോൾ പ്രത്യേക പരിശോധനകൾ നടക്കുന്നുണ്ട്.
ബൈക്ക് നൽകല്ലേ അവർക്ക്
കഴിഞ്ഞ വർഷം ജില്ലയിൽ 2,075 പേർക്കാണ് പരിക്കേറ്റത്.
460 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ തന്നെ 170 പേർക്ക് ഗുരുതരമായും പരിക്കേറ്റു. ഭൂരിഭാഗവും ബൈക്ക് യാത്രികരാണ്.
2019ൽ 3190 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 2055 പേർക്കും സാരമായ പരിക്കായിരുന്നു. 771 പേർ കൗമാരക്കാരായിരുന്നു.
കൗമാരക്കാർക്ക് വാഹനമോടിക്കാൻ നൽകിയാൽ വാഹന ഉടമയ്ക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു.
വർഷം അപകടങ്ങൾ മരണം
2016 2,738 402
2017 2,339 385
2018 2,423 367
2019 2,562 364
2020 1,784 247