വേങ്ങര: വേങ്ങരയിൽ മുണ്ടകൻ വിളവെടുപ്പ് ആരംഭിച്ചപ്പോൾ റെക്കാഡ് വിളവെടുപ്പ്.
കൊയ്ത്ത് പൂർത്തിയാകുന്നതോടെ 1500 മെട്രിക് ടൺ വിളവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 1200 മെട്രിക് ടൺ വിളവാണ് ലഭിച്ചത്. നെൽകൃഷിക്ക് സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനവും യുവാക്കളടക്കമുള്ള കർഷകർ രംഗത്തുവന്നതും കൂടുതൽ വിളവിന് കാരണമായി. 300 ഹെക്ടർ സ്ഥലത്തേക്കാണ് ഇത്തവണ നെൽകൃഷി വ്യാപിപ്പിച്ചത്. ഒറ്റത്തവണ മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത് .പലേടങ്ങളിലും വെള്ളം ഒഴിഞ്ഞു പോകാനുള്ള വഴിയില്ലാത്തതിനാലും പുഴയിൽ നിന്നും വെള്ളം കയറുന്നതിനാലും ഇവിടെ വിരിപ്പു കൃഷി സാദ്ധ്യമല്ല. വെള്ളം ലഭിക്കാത്തതിനാൽ പുഞ്ചയും പറ്റില്ല. വൈകി ചെയ്യുന്ന മുണ്ടകൻ കഴിഞ്ഞാൽ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വേങ്ങര, കുറ്റൂർ സൗത്ത് ,കുറ്റൂർ നോർത്ത് ,ഇല്ലിക്കൽ ചിറ ,കുതിരച്ചിറ, വലിയോറ എന്നീ പാടശേഖരങ്ങളിലാണ് മുണ്ടകൻ കൃഷിയിറക്കിയത്. ചെമ്പൻ ജാഫർ ,അണ്ടിശ്ശേരി ഉണ്ണിക്കൃഷ്ണൻ ,വെട്ടൻ ശങ്കരൻ ,പള്ളിയാളി ഹംസ ,മൂട്ടപ്പറമ്പൻ ബാവ ,കരിമ്പിൽ അഹമ്മദ് കുട്ടി ,ചേലേക്കോടൻ മുഹമ്മദ് തുടങ്ങിയവരാണ് പ്രമുഖ കർഷകർ.