
തിരുവനന്തപുരം: ബി.ജെ.പി ആവശ്യപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാനും താൻ തയ്യാറാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ. ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുക.
വലിയ കടക്കെണിയിലാണ് സംസ്ഥാനമിന്ന്. എന്നാലും കടമെടുപ്പിന് ഒരു കുറവുമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ വഴി കാണേണ്ടതുണ്ട്.ഇതിനായി ധനകാര്യ കമ്മിഷൻ രൂപവത്കരിക്കുന്നത് പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം അനിവാര്യമാണ്. വ്യാവസായിക മേഖലയോടുള്ള മനോഭാവവും മാറണം. കേരളത്തിലേക്ക് വൻകിട വ്യവസായങ്ങൾ വരണം. കഴിഞ്ഞ 20 വർഷമായി ഒരു നല്ല വ്യവസായം പോലും കേരളത്തിൽ വന്നിട്ടില്ല. വ്യവസായങ്ങൾ വരാതെ ആളുകൾക്ക് ജോലി കിട്ടില്ല.
അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് താത്പര്യമുള്ളത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്റെ ഗുണം നോക്കി ചെയ്യുന്നില്ല. സംസ്ഥാനത്ത് വികസനമെത്തിക്കുന്നതിൽ ഇടതു, വലതു മുന്നണികൾ പരാജയപ്പെട്ടതാണ് ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കേന്ദ്രവുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന ഈ മുന്നണികളുടെ നയം വികസനത്തെ പിറകോട്ടുവലിക്കുന്നുണ്ട്. ഇതും ബി.ജെ.പിക്ക് അനുകൂലമായി ചിന്തിപ്പിച്ചു. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നാൽ കേന്ദ്രസർക്കാരുമായി മികച്ച ബന്ധമുണ്ടാവുമെന്നത് വികസനത്തിന് കരുത്തേകും. പ്രൊഫഷണലായുള്ള ഉത്തരവാദിത്വങ്ങളെല്ലാം ഈ മാസത്തോടെ അവസാനിക്കും. ഇനി സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാണ് താത്പര്യം - ഇ. ശ്രീധരൻ പറഞ്ഞു.