malappuram

മലപ്പുറം: കൊവിഡ് വ്യാപനം മൂലം കുട്ടികളെ കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയാതിരുന്നവരെ ലക്ഷ്യമിട്ടുള്ള മിഷൻ ഇന്ദ്രധനുഷിന്റെ മൂന്നാംഘട്ടത്തിന് നാളെ ജില്ലയിൽ തുടക്കമാവും. പ്രതിരോധ കുത്തിവെപ്പിൽ പിന്നാക്കം നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മൂന്നാംഘട്ടം നടത്തുന്നത്. ഫെബ്രുവരി 22 മുതൽ 15 പ്രവർത്തി ദിനങ്ങളിലായും മാർച്ച് 22 മുതൽ 15 പ്രവർത്തി ദിനങ്ങളിലായുമാണ് പരിപാടി നടക്കുന്നത്. 619 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളത്. 379 ഗർഭിണികളെയും 14,​612 കുട്ടികളെയുമാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്.

ഓരോ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസ്സിൽ താഴെയുള്ള പ്രതിരോധ കുത്തിവെപ്പൊന്നും എടുക്കാത്തും ഏതെങ്കിലും കുത്തിവെപ്പ് മാത്രം എടുത്തതുമായ കുട്ടികളുടെ ലിസ്റ്റ് ഇതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽപ്പെട്ട കുട്ടികൾക്ക് വേണ്ടി പ്രത്യേക കുത്തിവെപ്പ് സെഷനുകൾ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കും. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഗർഭിണികൾക്കും ഈ സെഷനുകളിൽ കൂടി കുത്തിവെപ്പ് നൽകും.

എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ, പ്രതിരോധ കുത്തിവെപ്പ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, കൊവിഡ് കണ്ടൈൻമെന്റ് ആയിരുന്ന സ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങൾക്ക് മുൻഗണന നൽകും. കുത്തിവെപ്പ് എടുക്കാനുള്ള ഗർഭിണികളെയും കുട്ടികളുടെ രക്ഷിതാക്കളെയും തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ വിവരമറിയിക്കുന്നതിന് അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ ചെന്ന് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

കുത്തിവെപ്പ് എടുക്കേണ്ട കുട്ടികളുടെ വിവരങ്ങളും കുത്തിവെപ്പ് നൽകുന്ന സ്ഥലങ്ങളും ഉൾപ്പെടെ കൃത്യമായ മൈക്രോ പ്ലാൻ തയ്യാറാക്കിയാണ് പരിപാടി നടത്തുന്നത്. ഈ വിവരങ്ങൾ പ്രത്യേക വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. എല്ലാ കൊവിഡ് മുൻകരുതലുകളും സ്വീകരിച്ചായിരിക്കും പരിപാടി നടപ്പിലാക്കുകയെന്ന് ഡി.എം.ഒ കെ.സക്കീന അറിയിച്ചു.