
പെരിന്തൽമണ്ണ: രണ്ട് വർഷം മുമ്പ് മോഷണം നടന്ന വീട്ടിൽ വീണ്ടും മോഷണ ശ്രമം. കുന്നപ്പള്ളി അടിവാരത്തുള്ള കല്ലിങ്ങൽ ഷിഹാബിന്റെ വീട്ടിലാണ് വീണ്ടും മോഷണശ്രമം നടന്നത്. വീടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
വിലപിടിച്ച സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ലങ്കിലും വീടിന്റെ അകത്തുള്ള അലമാരകൾ എല്ലാം കുത്തി തുറക്കുകയും സാധനങ്ങളെല്ലാം വാരി വലിച്ച് ഇടുകയും ചെയ്തിട്ടുള്ളതായി വീട്ടുകാർ പറഞ്ഞു. മോഷണ ശ്രമം നടക്കുമ്പോൾ വീട്ടുകാർ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് എത്തി കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് വർഷം മുമ്പ് ഇതേ വീട്ടിൽ മോഷ്ടാക്കൾ കയറി പതിനഞ്ച് പവൻ സ്വർണവും പണവും മോഷണം നടത്തിയിരുന്നു. അന്നും വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.