vijaya

തിരൂർ: കടലാസ് ഹാജരാക്കുകയെന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്നും ,അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ജിം' എന്ന പരിപാടി ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് നടപ്പിലാക്കിയതാണ്. എത്ര എം.ഒ.യു ആണ് ഒപ്പിട്ടത്. സെക്രട്ടേറിയറ്റ് വിൽക്കാനുള്ള എം.ഒ.യു ഉണ്ടോയെന്ന് തപ്പിനോക്കിയാലേ മനസിലാവൂ. ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ ട്രോളറുകളെയോ തദ്ദേശീയ കോർപറേറ്റ് ട്രോളറുകളെയോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവദിക്കരുതെന്നാവശ്യപ്പെട്ട് വലിയ സമ്മർദ്ദം ഈ സർക്കാർ കേന്ദ്രസർക്കാരിൽ ചെലുത്തി..അനുവാദം കൊടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്.

പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തെങ്കിലും പറയുകയും, മേമ്പൊടിക്ക് കളവുപറയുകയും ചെയ്യുന്ന ശൈലി ചെന്നിത്തലയ്ക്കുണ്ട്. പ്രളയകാലത്തും കൊവിഡ് കാലത്തും അത് കണ്ടതാണ്.

ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക് പോയതിൽ അത്ഭുതപ്പെടാനില്ല.മത്സ്യവും മാംസവും കഴിക്കില്ല, കഴിക്കുന്നവരെ ഇഷ്ടവുമല്ലെന്ന് വ്യക്തമാക്കിയ ആളാണ് ഇ. ശ്രീധരൻ. ജനാധിപത്യത്തിന്റെ കണിക പോലുമില്ലാത്ത ആർ.എസ്.എസുമായി ചേർന്ന് അദ്ദേഹം ഏകാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ചരിത്രബോധമില്ലാത്തത് കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു.